പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ട്; വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിതയായ നടി സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി അതിജീവിത സുപ്രീം കോടതിയില്‍. വിചാരണക്കോടതി ജഡ്ജിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടെന്നും അത് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണം പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ നടി ചൂണ്ടിക്കാട്ടി. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭര്‍ത്താവ് ഒരു കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം നേരിടുകയാണ്. ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പൊലീസിന് ലഭിച്ചതെന്നും നടി പറയുന്നു.
കേസ് വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന് അന്തസും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇത് തടയാന്‍ സെഷന്‍സ് ജഡ്ജി തയ്യാറായില്ലെന്നും വ്യക്തിപരമായ മുന്‍വിധിയോടെയാണ് സെഷന്‍സ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നതെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസിലെ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതിനെക്കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിനെക്കുറിച്ചും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ നിര്‍ണ്ണായകമായ മെമ്മറി കാര്‍ഡ് വളരെ ഭദ്രമായി സൂക്ഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ഇത് മറ്റാരോ അനധികൃതമായി ഉപയോഗിച്ചെന്നും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന എഫ്എസ്എല് റിപ്പോര്‍ട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതില്‍ ജഡ്ജിക്ക് വീഴ്ച പറ്റിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.