ശ്രീനാഥ് ഭാസിക്കെതിരായ കേസിന് ഹൈക്കോടതിയുടെ സ്റ്റേ
ശ്രീനാഥ് ഭാസിക്കെതിരെ അവതാരക നല്കിയ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്കിയ ഹര്‍ജിയിലാണ് നടപടി. പരാതി പിന്‍വലിക്കുന്നതായി അവതാരക അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്രീനാഥ് ഭാസി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതിനു പിന്നാലെയാണ് പരാതി പിന്‍വലിക്കുന്നതായി അവതാരക അറിയിച്ചത്. ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന് സമ്മതിച്ചു. ഒരു കലാകാരന് കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്. ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യമെന്നായിരുന്നു അവര്‍ പറഞ്ഞത്.
ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞുവെന്നായിരുന്നു പരാതി. ക്യാമറകള്‍ നിര്‍ബന്ധിച്ച് ഓഫ് ചെയ്യിച്ചതിനു ശേഷമായിരുന്നു തെറിവിളിയെന്നും മരട് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.