ഹിജാബ് വിലക്കില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി; കേസ് വിശാല ബെഞ്ചിലേക്കെന്ന് സൂചന
ഹിജാബ് വിലക്ക് സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ ഭിന്നവിധി. രണ്ടംഗം ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ശരിവെച്ചപ്പോള്‍ ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് എല്ലാ അപ്പീലുകളും അംഗീകരിക്കുന്ന വിധിയാണ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയ പുറപ്പെടുവിച്ചത്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.
രണ്ടംഗ ബെഞ്ചില്‍ ഭിന്നവിധി വന്നതോടെ കേസ് ചീഫ് ജസ്റ്റിസിന് മുന്നിലെത്തും. കേസ് വിശാല ബെഞ്ച് പരിഗണിക്കുമോ എന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍ 2021 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചിരുന്നില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിവച്ച സമൂഹമാധ്യമ പ്രചാരണമാണ് ഹിജാബ് വിവാദത്തിനു കാരണമായതെന്നുമുള്ള വാദമാണ് കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ചത്.