കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന് ജയില്‍മോചിതനായി
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന് ജയില്‍ മോചിതനായി. 21 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് മണിച്ചന് മോചിതനാകുന്നത്. ജയിലിലെ നല്ലനടപ്പിനെ തുടര്‍ന്ന് മണിച്ചനെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയിരുന്നു. മകനും ബന്ധുക്കളുമടക്കം മണിച്ചനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ശിക്ഷയുടെ ഭാഗമായ 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അടിയന്തരമായി മോചിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മണിച്ചനെ മോചിപ്പിച്ചത്.
2000 ഒക്ടോബറിലാണ് 31 പേരുടെ മരണത്തിനും ആറു പേരുടെ കാഴ്ച നഷ്ടപ്പെടാനും ഇടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തമുണ്ടായത്. മണിച്ചന് നല്കിയ ചാരായം വില്‍പ്പനനടത്തിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഹയറുന്നീസ എന്ന താത്തയാണ് കേസിലെ മറ്റൊരു പ്രധാനപ്രതി. നവംബറില്‍ നാഗര്‍കോവിലില്‍നിന്ന് മണിച്ചന് പിടിയിലായി. ഹയറുന്നീസ, മണിച്ചന്റെ സഹോദരന്മാരായ വിനോദ്, കൊച്ചനി എന്നിവര്‍ ഉള്‍പ്പെടെ 26 പ്രതികളെ 2002 ജൂലായില്‍ കൊല്ലം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചു.
മണിച്ചനടക്കം 13 പര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. മണിച്ചന് 30.45 ലക്ഷം രൂപ പിഴയും ചുമത്തി. ശിക്ഷാകാലാവധി ആജീവനാന്തമാണെന്നും കോടതി വിധിച്ചു. 2004 ഒക്ടോബറില്‍ മണിച്ചനടക്കം എട്ടുപേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. അഞ്ചുപേര്‍ക്ക് ഇളവുനല്‍കി. 2009 മാര്‍ച്ചില്‍ ഒന്നാം പ്രതി ഹയറുന്നീസ കരള്‍രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2011 ഏപ്രിലില്‍ മണിച്ചന്റെ ജീവപര്യന്തം സുപ്രീംകോടതിയും ശരിവെച്ചു. മണിച്ചന്റെ മദ്യക്കച്ചവടത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കുപറ്റിയെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു.
2017 ഫെബ്രുവരിയില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്കൊപ്പം മണിച്ചനും ശിക്ഷയിളവ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. 2020 ഏപ്രിലില്‍ മണിച്ചനടക്കം 33 തടവുകാരെ വിട്ടയക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു. 2020 ജൂണ്‍ 13-ന് മണിച്ചന്റെ മോചനത്തിന് ഗവര്‍ണര്‍ അനുമതിനല്‍കി. നഷ്ടപരിഹാരത്തുക കെട്ടിവെക്കാത്തതിനെത്തുടര്‍ന്നാണ് ജയില്‍മോചനം വൈകിയത്.