പാനൂര്‍ കൊലയ്ക്ക് പിന്നില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിലെ പക; പ്രതി ശ്യാംജിത്ത് പിടിയില്‍
പാനൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതിലെ പകയെന്ന് പോലീസ്. പ്രതി കൂത്തൂപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
തല കഴുത്തില്‍ നിന്ന് മുറിഞ്ഞു തൂങ്ങിയ നിലയിലും കൈകളിലെ ഞരമ്പുകള്‍ മുറിച്ച നിലയിലുമായിരുന്നു മൃതദേഹം. സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തൊപ്പിയിട്ട് ടീഷര്‍ട്ട് ധരിച്ച ഒരാളെ ഇവരുടെ വീടിന് മുന്നിലെ റോഡില്‍ കണ്ടതായി ചിലര്‍ മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
വിഷ്ണുപ്രിയയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് എ.സി.പി. ഓഫീസില്‍ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു.
പിടിയിലായ ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. നാലുദിവസം മുമ്പാണ് വിഷ്ണുപ്രിയയുടെ മുത്തശ്ശി മരിച്ചത്. സംഭവസമയം വിഷ്ണുപ്രിയയുടെ വീട്ടിലുള്ളവരെല്ലാം സമീപത്തെ തറവാട്ടുവീട്ടിലായിരുന്നു.