ഷാരോണ്‍ കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെത്തി; കാണിച്ചു കൊടുത്തത് ഗ്രീഷ്മയുടെ അമ്മാവന്
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ വീടിന് സമീപത്തുള്ള കാട്ടില്‍ നിന്നാണ് കുപ്പി കണ്ടെത്തിയത്. ഗ്രീഷ്മയുടെ അമ്മാവന് നിര്‍മല്‍ കുമാറാണ് കുപ്പി കിടന്ന സ്ഥലം കാണിച്ചു കൊടുത്തത്. ഇയാള്‍ തന്നെയാണ് കുപ്പി ഇവിടെ ഉപേക്ഷിച്ചത്. കേസില്‍ നിര്‍മല്‍ കുമാറിനെയും ഗ്രീഷ്മയുടെ അമ്മയെയും പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു.
കുപ്പി രാസപരിശോധനയ്ക്ക് അയക്കുമെന്ന് ഡിവൈഎസ്പി ജോണ്സണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. വീടു തുറന്നുള്ള തെളിവെടുപ്പ് ഗ്രീഷ്മയുടെ സാന്നിധ്യത്തില്‍ മാത്രമേ നടത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാരോണിന് വിഷം നല്കിയ ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള രാമവര്‍മന്‍ചിറയിലാണ്. അതിനാല്‍ പോലീസ് സംഘം തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.