തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി
നിയമന വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കോര്പറേഷന് നടത്തിയ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. മുന്‍ കൗണ്‍സിലര്‍ വി എ ശ്രീകുമാറാണ് പരാതിക്കാരന്. കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പാര്‍ട്ടിക്കാരുടെ പട്ടിക വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് മേയര്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി.
295 ഒഴിവുകളാണുള്ളതെന്നും ഇതിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു മേയറുടെ ലെറ്റര്‍ഹെഡിലുള്ള കത്തില്‍ പറഞ്ഞിരുന്നത്. ഒന്നാം തീയതി പാര്‍ട്ടി സെക്രട്ടറിക്ക് അയച്ച കത്ത് പിന്നീട് സി.പി.എം. നേതാക്കന്മാര് വിവിധ വാര്‍ഡുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെ പുറത്താകുകയായിരുന്നു.
മേയറുടെ കത്തിന് പിന്നാലെ നഗരസഭയിലെ സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡി.ആര്. അനില്‍ അയച്ച മറ്റൊരു കത്തും പുറത്തുവന്നു. എസ്.എ.ടി. ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒന്‍പത് പേരെ നിയമിക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 24-ന് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്.