കത്തെഴുതിയത് താനല്ല; സിപിഎമ്മിന് വിശദീകരണം നല്കി തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രന്
വിവാദമായ കത്ത് താന് എഴുതിയതല്ലെന്ന് വിശദീകരണം നല്കി തിരുവനന്തപുരം മേയര് ആര്യാ രാജേന്ദ്രന്. കോര്പറേഷന് ആരോഗ്യവിഭാഗത്തിലെ താല്ക്കാലിക ജീവനക്കാരായി നിയമിക്കാന് പാര്ട്ടി പ്രവര്ത്തകരുടെ മുന്ഗണനാ ലിസ്റ്റ് നല്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന് ആരോപണത്തിലാണ് ആര്യ സിപിഎമ്മിന് വിശദീകരണം നല്കിയത്. പ്രചരിക്കുന്ന കത്ത് താന് തയ്യാറാക്കിയതല്ലെന്നും ഇക്കാര്യത്തില് നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന് നല്കിയ വിശദീകരണത്തില് ആര്യ വ്യക്തമാക്കി.
മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്കുമെന്നാണ് ആര്യ അറിയിച്ചത്. ആനാവൂര് നാഗപ്പന്റെ പേരില് കത്തയച്ചുവെന്നാണ് വിവാദം. നവംബര് ഒന്ന് എന്ന തിയതിയില് മേയറുടെ ഔദ്യോഗിക ലെറ്റര്ഹെഡിലുള്ള കത്താണ് പുറത്തു വന്നതിനെ ത്തുടര്ന്ന് വിവാദമായത്. ഇക്കാര്യത്തില് മേയര് പരസ്യ പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.
ഇതിനിടെ, എസ്.എ.ടി. ആശുപത്രിയില് താത്കാലിക ജീവനക്കാരെ നിയമിക്കാന് പാര്ട്ടിയുടെ പട്ടിക ആവശ്യപ്പെട്ട് കോര്പ്പറേഷന് പാര്ലമെന്ററി പാര്ട്ടി സെക്രട്ടറി ഡി.ആര്. അനില് ആനാവൂര് നാഗപ്പന് അയച്ചതെന്ന പേരിലുള്ള കത്തും പുറത്തുവന്നിരുന്നു. ഈ കത്ത് താന് നല്കിയതല്ലെന്നാണ് അനിലിന്റേയും വിശദീകരണം.