കിളികൊല്ലൂരില്‍ സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു; പക്ഷേ മര്‍ദ്ദിച്ചത് ആരെന്ന് അറിയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
കിൡകൊല്ലൂര് പോലീസ് സ്റ്റേഷന് മര്‍ദ്ദനക്കേസില്‍ വിചിത്ര റിപ്പോര്‍ട്ട് നല്കി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍. സൈനികനായ വിഷ്ണുവിനും സഹോദരനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ വിഘ്നേഷിനും മര്‍ദ്ദനമേറ്റെന്ന് മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ കമ്മീഷണര്‍ പറയുന്നു. എന്നാല്‍ മര്‍ദ്ദിച്ചത് ആരാണെന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോലീസ് മര്‍ദ്ദിച്ചെന്ന വിഷ്ണുവിന്റെയും വിഘ്നേഷിന്റെയും മൊഴികള്‍ക്ക് തെളിവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
പോലീസ് സ്റ്റേഷനു പുറത്തു വെച്ചാണ് സഹോദരന്മാര്ക്ക് മര്‍ദ്ദനമേറ്റതെന്ന് നേരത്തേ പോലീസ് പറഞ്ഞിരുന്നെങ്കിലും ആ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സംഭവം നടന്നുവെന്ന് പറഞ്ഞ സ്ഥലത്ത് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. മര്‍ദ്ദനമേറ്റതിന് സാക്ഷികളില്ലെന്നാണ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
പോലീസ് സ്റ്റേഷനില്‍ വെച്ച് സഹോദരന്മാരെ പോലീസ് മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇത് പോലും കണക്കിലെടുക്കാതെയാണ് കമ്മീഷണര്‍ ഈ വിചിത്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.