വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രവാദ ബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എന്‍ഐഎ വിവരങ്ങള്‍ തേടിയതായി സൂചന
വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍ഐഎ വിവരങ്ങള്‍ തേടിയതായി സൂചന. സംഘര്‍ഷത്തില്‍ തീവ്രവാദ ബന്ധമുള്ളതായി സംസ്ഥാന ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തു. കോട്ടപ്പുറം സ്കൂളില്‍ രഹസ്യ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അക്രമത്തിനു ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ സമരസമിതിയിലെ ചില നേതാക്കളും തീവ്രവാദ ബന്ധമുള്ളവരും പങ്കെടുത്തു.
പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരും തീവ്ര ഇടത് സംഘടനയില്പെട്ടവരും കര്‍ഷക സമരത്തില്‍ പങ്കെടുത്തവരും യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ സ്റ്റേഷന് ആക്രമണത്തില്‍ പുറത്തു നിന്നുള്ളവര്‍ നുഴഞ്ഞു കയറിയെന്ന് പ്രചരിപ്പിക്കണമെന്നും അറസ്റ്റിന് വഴങ്ങരുത്, അറസ്റ്റിനെ പ്രതിരോധിക്കണം, ഒരു സമ്മര്‍ദ്ദ ഗ്രൂപ്പായി തുടരണം എന്നിങ്ങനെ നിര്‍ദേശങ്ങള്‍ യോഗത്തിലുണ്ടായി.
അക്രമ സംഭവങ്ങളില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്ന് നിലവില്‍ പറയാന്‍ കഴിയില്ലെന്ന് പ്രത്യേക ഓഫീസറായി നിയോഗിക്കപ്പെട്ട തിരുവനന്തപുരം റേഞ്ച് ഡിഐജി ആര് നിശാന്തിനി പറഞ്ഞു. എന്‍ഐഎ വിവരങ്ങള്‍ തേടിയോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.