മകളില്‍ നിന്നും അമ്മയിലേക്ക് നീങ്ങുന്ന ചതിക്കുഴികള്‍: ഖെദ്ദ റിവ്യൂ
മൃഗങ്ങളെ വേട്ടയാടാന്‍ മനുഷ്യര്‍ ഒരുക്കി വെക്കുന്ന ചതിക്കുഴികള്ക്കാണ് ഖെദ്ദ എന്ന് പറയുന്നത്. ഒരു പക്ഷെ നിഷ്കളങ്കരായ ജീവികള്‍ വന്യമായ മനുഷ്യന്റെ ഈ കെണിയില്‍ വീണു പോകാറുണ്ട് അങ്ങനെ ചതിക്കുഴിയില്‍ വീണു പോകുന്ന ഒരമ്മയുടെയും മകളുടെയും കഥയാണ് മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രം പറയുന്നത്. ഒരു സാധാരണ കുടുംബജീവിതത്തില്‍ നിന്നും അസാധാരണ സാഹചര്യങ്ങളിലേക്ക് തെന്നി മാറുന്ന അംഗണവാടി ടീച്ചര്‍ സവിതയുടെയും മകള്‍ ചിഞ്ചുവിന്റെയും ജീവിതവും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രം പറഞ്ഞു വെക്കുന്നത്. സവിതയായി ആശാശരത്ത് വേഷമിടുമ്പോള്‍ ചിഞ്ചുവായി എത്തുന്നത് ആശാ ശരത്തിന്റെ മകളായ ഉത്തരയാണ്.
കേരളത്തിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന കഥയല്ല ചിത്രത്തിന്റേത്. ഇന്നത്തെ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പച്ചയായ അവതരണം കൂടിയാണ്. പ്രണയവും പ്രതികാരവും മുതല്‍ മനസിന്റെ വ്യാകുലതകള്‍ വരെ ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്. അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു ന്യൂ ക്ലിയര്‍ ഫാമിലിയും അതിനുള്ളിലേക്ക് കടന്നു വരുന്ന അപരിചിതനും ഒറ്റ വാക്കില്‍ ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം.
‘അമ്മ – മകള്‍ ,ഭാര്യ -ഭര്‍ത്താവ് കോണ്ഫ്ലിക്റ്റുകള് നമുക്ക് ചിത്രത്തില്‍ കാണാം. ഒരു കുടുംബം ഉണ്ടെങ്കില്‍ പോലും ഒറ്റപെട്ടു പോകുന്ന ഒരു മധ്യവയസ്കയായി ആശാ ശരത്ത് മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. മറ്റൊരു ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചത് സുധീര്‍ കരമനയാണ്. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ,ഭീരുത്വം കാണിക്കുന്ന സവിതയുടെ ഭര്‍ത്താവായി സുധീര്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു.അടൂര്‍ ഗോപാല കൃഷ്ണന്റെ എലിപ്പത്തായത്തിലെ കരമന ജനാര്‍ദ്ദനന്റെ കഥാപാത്രവുമായി സാമ്യമുള്ള കഥാപാത്രമാണ് സുധീറിന്റേത്.
മൊബൈല്‍ ഫോണും അതിന്റെ ദുരുപയോഗവും അവ നമ്മളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ചിത്രം കാണിച്ചു തരുന്നുണ്ട്. സമൂഹത്തിലെ ഒളിഞ്ഞു കിടക്കുന്ന ചില ചതിക്കുഴികളും അവ അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അമ്മയും മകളും തമ്മിലുള്ള സ്നേഹത്തിന്റെ തീവ്രതയും പിന്നീട് ആ ബന്ധത്തിനുണ്ടാകുന്ന അകല്‍ച്ചയും ചിത്രം പ്രശ്നവത്കരിക്കുന്നുണ്ട്. 2020 ലെ ഏറ്റവും മികച്ച രണ്ടാമത്തെ സിനിമക്കുള്ള പുരസ്കാരം നേടിയ ‘കെഞ്ചിറ’യുടെ സംവിധായകനായ മനോജ് കാനയുടെ മറ്റൊരു സാമൂഹ്യ പ്രസ്കതിയും കലാമൂല്യവുമുള്ള ചിത്രമാണ് ഖെദ്ദ. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എന്തുകൊണ്ടും വര്‍ത്തമാന മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട ചിത്രമാണ് ഖെദ്ദ.