വ്യാജവിസ നല്കി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍
വ്യാജ വിസ നല്കി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ രണ്ടു പേര് പിടിയില്‍. സ്പെയിനിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തെ എറണാകുളം റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് ആലക്കോട് കുന്നേല്‍വീട്ടില്‍ ജോബിന് മൈക്കിള്‍ (35), പാലക്കാട് കിനാവല്ലൂര്‍ മടമ്പത്ത് ഭവനത്തില്‍ പൃഥ്വിരാജ് കുമാര്‍ (47) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ നല്കിയ വ്യാജ വിസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂര്‍ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിന്‍ ബാബു എന്നിവരെ സ്പെയിന് അധികൃതര്‍ തടഞ്ഞുവെച്ച് ഇന്ത്യയിലേക്ക് ഡപോര്ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ഇമിഗ്രേഷന്‍ അധികൃതര്‍ നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. പിന്നീട് അന്വേഷണം ഏറ്റെടുത്ത എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ആണ് മനുഷ്യ കടത്തിലെ ഏജന്റുമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ ആറ് ലക്ഷത്തോളം രൂപ സംഘത്തിന് നല്‍കിയാണ് ഷെങ്കന്‍ വിസ സംഘടിപ്പിച്ചത്. വിസ വ്യാജമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലിക്കായി വിസ ലഭിക്കുന്നതിന് മതിയായ വിദ്യാഭ്യാസ യോഗ്യതയും, നടപടിക്രമങ്ങളും ആവശ്യമാണ്. വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്ക് പൊതുവേ യൂറോപ്പില്‍ വര്‍ക്ക് വിസ ലഭിക്കുവാന്‍ ബുദ്ധിമുട്ടാണ്. വിദ്യാഭ്യാസ യോഗ്യതകളില്‍ കുറുവുള്ള ആളുകള്‍ക്ക് വ്യാജവിസ സംഘടിപ്പിച്ചു നല്കി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി വിടുകയാണ് സംഘം ചെയ്യുന്നത്.
ജോബിന് മൈക്കിളിനെ കാസര്‍ഗോഡ് നിന്നും പൃഥ്വിരാജിനെ പാലക്കാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി ആര്.രാജീവ്, എസ്.ഐ ടി.എം.സൂഫി, എ.എസ്.ഐമാരായ ജോര്‍ജ് ആന്റെണി, എ.എ.രവിക്കുട്ടന്, ടി.കെ.വര്‍ഗീസ്, ടി.എ.ജലീല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. വ്യാജ വിസകള്‍ നല്കുന്ന ഏജന്റ് മാര്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അവരുടെ ചതിയില്‍ പെടരുതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.