അനാശ്വാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനും കുറ്റം ബാധകമെന്ന് ഹൈക്കോടതി
അനാശ്വാസ്യകേന്ദ്രത്തില് എത്തുന്ന ഇടപാടുകാരനും കുറ്റം ബാധകമാണെന്ന് ഹൈക്കോടതി. അനാശ്വാസ്യ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന നിയമം അനുസരിച്ചുള്ള കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന മൂവാറ്റുപുഴ സ്വദേശിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടപാടുകാരന് ഇല്ലാതെ അനാശ്വാസ്യം നടക്കില്ല. ലൈംഗിക ചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ലെന്നും കോടതി പറഞ്ഞു.
ആവശ്യക്കാരന് പരിധിയില്‍ വരുന്നില്ലെങ്കില്‍ നിയമത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടും. കസ്റ്റമര്‍ എന്നത് നിയമത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ‘വ്യക്തി’ എന്നതിന്റെ പരിധിയില്‍ കസ്റ്റമറും വരുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഈ വാദം കോടതി തള്ളി. കസ്റ്റമറും നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് തന്നെയാണ് നിയമം നിര്‍മിച്ച സമിതി ഉദ്ദേശിച്ചതെന്നും കോടതി വ്യാഖ്യാനിച്ചു.
എറണാകുളം രവിപുരത്ത് ആയുര്‍വേദ ആശുപത്രി എന്ന പേരില്‍ നടത്തിയ അനാശാസ്യ കേന്ദ്രത്തില്‍വെച്ച് പിടിയിലായ വ്യക്തിയായിരുന്നു ഹര്ജിക്കാരന്. 2007ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിക്കപ്പെട്ട തനിക്കെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഇയാള്‍ വാദിച്ചത്.