തിരുവനന്തപുരം മേയറുടെ കത്തു വിവാദം; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി
തിരുവനന്തപുരം മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലര്‍ ജി.എസ് സുനില്‍ കുമാര്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും നടപടി സ്വജന പക്ഷപാതമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
മേയര്‍ ആര്യാ രാജേന്ദ്രന്, കൗണ്‍സിലര്‍ ഡി ആര് അനില്‍, സര്‍ക്കാര്‍ എന്നിവരായിരുന്നു എതിര് കക്ഷികള്‍. കൗണ്‍സിലറും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ഡി.ആര് അനിലിന്റെ കത്തിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മേയറോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
താന്‍ സ്വജനപക്ഷപാതം നടത്തിയിട്ടില്ലെന്നും ഇങ്ങനെയൊരു കത്ത് താന്‍ കൈമാറിയിട്ടില്ലെന്നുമായിരുന്നു മേയറുടെ മറുപടി. ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്ജിക്കാരന് പരാജയപ്പെട്ടതതായും കോടതി നിരീക്ഷിച്ചു.