അമേരിക്കയില്‍ തണുത്തുറഞ്ഞ തടാകത്തിനു മുകളിലൂടെ നടക്കാന്‍ പോയ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു
അമേരിക്കയില്‍ അതിശൈത്യത്തില്‍ തണുത്തുറഞ്ഞ തടാകത്തിനു മുകളില്‍ നടക്കാന്‍ പോയ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. അരിസോണയിലാണ് അപകടമുണ്ടായത്. കൊകോനിനോ കൗണ്ടിയില്‍ ക്രിസ്മസ് പിറ്റേന്ന് വൈകിട്ട് 3.35നാണ് സംഭവം. തണുത്തുറഞ്ഞ വുഡ്സ് കാന്യോണ് തടാകത്തിനു മുകളിലൂടെ നടക്കുന്നതിനിടെ ഐസ് ഉടഞ്ഞ് ഇവര്‍ വെള്ളത്തില്‍ പതിക്കുകയായിരുന്നു.
മുദ്ദന നാരായണ റാവു (49), ഗോകുല്‍ മെദിസേതി, ഹരിത മുദ്ദന എന്നിവരാണ് മരണപ്പെട്ടത്. അരിസോണയിലെ ഷാന്ഡ്ലറിലാണ് ഇവര്‍ താമസിച്ചിരുന്നത്. അപകടത്തിനു പിന്നാലെ ഹരിതയെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് മറ്റു രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ളവരാണ് മുദ്ദന നാരായണയും ഹരിതയും. ഇരുവരും ഭാര്യാഭര്ത്താക്കന്മാരാണ്. വിശാഖപട്ടണം സ്വദേശിയാണ് ഗോകുല്‍. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തടാകം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.