സംവിധായിക നയനസൂര്യയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
സംവിധായിക നയനസൂര്യയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എംആര്‍ അനില്‍ കുമാര്‍ ആണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. നയനസൂര്യയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചത്. ഇതിനായുള്ള അന്വേഷണ സംഘം ഉടന്‍ രൂപീകരിക്കും.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ ആദ്യഘട്ട അന്വേഷണത്തിലെ വീഴ്ചകളും തുടരന്വേഷണ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എസിപി ജെ കെ ദിനിലിനാണ് അന്വേഷണച്ചുമതല. നയനയുടെ കഴുത്തില്‍ ഏഴിടത്ത് ക്ഷതമുള്ളതായും വയറിന്റെ ഇടതു ഭാഗത്തും മധ്യഭാഗത്തും ക്ഷതമേറ്റിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളിലും ക്ഷതമേറ്റിരുന്നു.
ഇത്രയും ഗുരുതരമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നിട്ടും ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പോലീസ് എത്തിച്ചേര്‍ന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ആദ്യം അന്വേഷണം നടത്തിയ മ്യൂസിയം പോലീസിന് എതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തുന്നത്.
മൃതദേഹം കണ്ടെത്തിയത് അകത്തു നിന്ന് പൂട്ടിയ മുറിയിലായതിനാല്‍ കൊലപാതകമല്ലെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. നയനസൂര്യക്ക് സ്വയം പീഡിപ്പിക്കുന്ന മാനസികാവസ്ഥയുണ്ടെന്ന കണ്ടെത്തലും പോലീസ് നടത്തിയിരുന്നു.