എന്‍സിപിയില്‍ നിന്ന് പുറത്താക്കിയതിന് എതിരെ ദേശീയ സെക്രട്ടറിയായിരുന്ന എന്‍ എ മുഹമ്മദ്കുട്ടി നല്കിയ ഹര്‍ജി കോടതി തള്ളി
പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് എതിരെ എന്‍സിപി ദേശീയ സെക്രട്ടറിയായിരുന്ന എന്‍ എ മുഹമ്മദ് കുട്ടി കോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ നടപടിക്കെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് മുന്‍സിഫ് കോടതിയെയായിരുന്നു മുഹമ്മദ്കുട്ടി സമീപിച്ചത്. അച്ചടക്ക നടപടിയില്‍ കോടതി പുറപ്പെടുവിച്ചിരുന്ന താല്‍ക്കാലിക സ്റ്റേ പിന്‍വലിച്ച് ചെലവു സഹിതമാണ് കേസ് തള്ളിയത്.
ഡല്‍ഹിയിലെ അഖിലേന്ത്യാ അച്ചടക്ക സമിതി ചെയര്‍മാനും, ദേശീയ വൈസ് പ്രസിഡന്റുമായ പ്രഫുല്‍ പട്ടേലാണ് മുഹമ്മദ് കുട്ടിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. നിരന്തരമായി പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നതായി ദേശീയ നേതൃത്വത്തിന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി മുഹമ്മദ് കുട്ടിയെ പുറത്താക്കാന്‍ തീരുമാനം എടുത്തത്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് മഹമ്മദ് കുട്ടി എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ച് രണ്ട് മാസം മുന്‍പ് സ്റ്റേ വാങ്ങുകയായിരുന്നു.
മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നും സംസ്ഥാന സമിതി അംഗമായിരുന്ന മുഹമ്മദ് കുട്ടിയെ ഡല്‍ഹിയിലെ കേന്ദ്രനേതൃത്വം പുറത്താക്കിയ നടപടിക്കെതിരെ ജൂറിസ്ഡിക്ഷന് എറണാകുളത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോടതിയെ സമീപിച്ചതെന്നും ഡല്‍ഹിയില്‍ നിന്നും ദേശീയ നേതൃത്വം നടപടി ക്രമങ്ങള്‍ പാലിച്ചെടുത്ത അച്ചടക്ക നടപടിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും നാഷണലിസ്റ്റ് കോണ്‍ഗ്രസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകന് റെജി ജോര്‍ജ് കോടതിയില്‍ പറഞ്ഞു.
സ്റ്റേ പിന്‍വലിച്ചതോടുകൂടി മുഹമ്മദ്കുട്ടിയെ ദേശീയ നേത്യത്വം പുറത്താക്കിയ നടപടി പ്രാബല്യത്തിലായെന്നും, അദ്ദേഹത്തിന് ഇനി എന്‍ സി പി യുമായി യാതൊരു ബന്ധവുമില്ലെന്നും എന്‍ സി പി എറണാകുളം ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുള്‍ അസീസും, മലപ്പുറം ജില്ലാ പ്രസിഡന്റ് രാമനാഥനും അറിയിച്ചു.