ആകാശ് തില്ലങ്കേരിയില്‍ നിന്ന് സ്വര്‍ണ്ണക്കടത്തില്‍ വിഹിതം കൈപ്പറ്റിയെന്ന് പരാതി; ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറിനെതിരെ പാര്‍ട്ടി അന്വേഷണം
ആകാശ് തില്ലങ്കേരിയുമായി പ്രത്യക്ഷത്തില്‍ ശത്രുത വച്ചു പുലര്‍ത്തുകയും സ്വര്‍ണ്ണക്കടത്തില്‍ വിഹിതം കൈപ്പറ്റുകയും ചെയ്തുവെന്ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറിനെതിരെ ഉയര്‍ന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണം. സിപിഎം കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയംഗം മനു തോമസ് നല്കിയ പരാതിയിലാണ് ഷാജറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടി രഹസ്യങ്ങള്‍ ആകാശ് തില്ലങ്കേരിക്ക് ഷാജര്‍ ചോര്‍ത്തി നല്‍കിയതായും പരാതിയില്‍ പറയുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സുരേന്ദ്രനാണ് അന്വേഷിക്കുന്നത്.
ഷാജറും ആകാശ് തില്ലങ്കേരിയും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ തെളിവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരനില്‍ നിന്ന് അന്വേഷണ കമ്മീഷന് മൊഴിയെടുത്തു. സ്വര്‍ണ്ണക്കടത്തു സംഘത്തില്‍ നിന്ന് ലാഭ വിഹിതമായി ഷാജര്‍ സ്വര്‍ണ്ണം കൈപ്പറ്റിയെന്ന് പരാതിയില്‍ ആരോപണമുണ്ട്. ആകാശ് തില്ലങ്കേരി വിഷയത്തില്‍ സിപിഎം കഴിഞ്ഞ ദിവസം കണ്ണൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഷാജര്‍ ആകാശിനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചിരുന്നു.
ഷാജര്‍ സെക്രട്ടറിയായിരുന്ന കാലത്ത് പ്രസിഡന്റായിരുന്നയാളാണ് പരാതിക്കാരനായ മനു തോമസ്. അക്കാലത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെയും സ്വര്‍ണ്ണക്കടത്തു സംഘങ്ങള്‍ക്കെതിരെയും ഡിവൈഎഫ്ഐ ക്യാംപെയിന് നടത്തിയിരുന്നു. ഇതിനെതിരെ ആകാശ് തില്ലങ്കേരിയും സംഘവും വ്യാപക സൈബര്‍ ആക്രമണം നടത്തിയിരുന്നു.