കോഴിക്കോട്-ദമ്മാം വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കി
കോഴിക്കോടു നിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 385 എന്ന വിമാനമാണ് സുരക്ഷിതമായി നിലത്തിറക്കിയത്. കോഴിക്കോട് നിന്ന് പറന്നുയര്‍ന്ന ഉടനെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനുള്ള സാധ്യതകള്‍ തേടിയത്.
ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാറുണ്ടെന്ന സംശയം ഉയര്‍ന്നത്. 183 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിന് സൗകര്യം ഒരുക്കുകയായിരുന്നു.
വിമാനത്തില്‍ നിന്ന് അധിക ഇന്ധനം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞതിനു ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്. സുരക്ഷിതമായി നിലത്തിറക്കിയ വിമാനം യാത്രക്കാരെ പുറത്തിറക്കയതിനു ശേഷം പരിശോധനകള്‍ക്കായി ഹാങ്ങറിലേക്ക് മാറ്റി. അടിയന്തര ലാന്‍ഡിംഗിന്റെ ഭാഗമായി വിമാനത്താവളത്തില്‍ ജാഗ്രത പ്രഖ്യാപിച്ചിരുന്നു.