പണം കൊടുത്താല്‍ സിനിമ നല്ലതെന്ന് പറയും; യൂട്യൂബര്‍മാര്‍ക്കു പിന്നില്‍ മാഫിയയെന്ന് ഗണേഷ് കുമാര്‍
പണം കൊടുത്താല്‍ സിനിമകള്‍ നല്ലതാണെന്ന് യൂട്യൂബര്‍മാര്‍ പറയുമെന്നും ഇതിനു പിന്നില്‍ ഗൂഢസംഘമുണ്ടെന്നും കെ ബി ഗണേഷ്കുമാര് എംഎല്‍എ. പണം കൊടുത്തിട്ടില്ലെങ്കില്‍ എത്ര നല്ല സിനിമയെയും ഇവര്‍ മോശമെന്ന് പറയും. ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും ചില സിനിമകളെ തകര്‍ക്കാനും മലയാളത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കോടി രൂപ കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യൂട്യൂബര്‍മാര്‍ പറയും.
പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റി ഇവരെക്കൊണ്ട് അനുകൂലമായ അഭിപ്രായം പറയിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യം അടുത്ത നിയമസഭാ സമ്മേളനത്തില്‍ താന്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാരിനും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അറിയാം.
ടിക്കറ്റ് വില്‍ക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.