കുറ്റകൃത്യം തടയുമ്പോള്‍ ജെന്‍ഡര്‍ നോക്കുന്നത് പോലീസ് യൂണിഫോമിന്റെ നൈതികതയ്ക്ക് ചേര്‍ന്നതല്ല; പോലീസ് അസോസിയേഷന്
പോലീസിന്റെ നിയമപരമായ ഡ്യൂട്ടി നിര്‍വ്വഹണവും കണ്മുന്നില് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയലും ആണാണോ പെണ്ണാണോ എല്‍ ജി ബി ടി ക്യു ആണോ എന്നെല്ലാം നോക്കിയാവുന്നത് പോലീസ് യൂണിഫോമിന്റെ നൈതികതയ്ക്ക് ചേര്‍ന്നതല്ലെന്ന് ആലുവയില്‍ നടന്ന കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് എറണാകുളം റൂറല്‍ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. തന്റെ കണ്മുന്നില് ഒരു കുറ്റകൃത്യമോ അപകടമാ നടക്കുമ്പോള്‍ തടയുക എന്നത് പോലീസിന്റെ ജോലിയാണ്. എന്നാല്‍ കുറ്റകൃത്യങ്ങളുടേയോ അപകടങ്ങളുടേയോ സാഹചര്യങ്ങളില്പ്പെടുന്നത് സ്ത്രീകള്‍ ആയാല്‍ വനിതാ പോലീസ് എത്തിച്ചേരുന്നതു വരെ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് നിയമപരമായി ചുമതലപ്പെട്ട പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ കാത്ത് നില്‍ക്കണമെന്ന പറയുന്നത് വലിയ അപകടങ്ങളിലേക്കും ദുരന്തങ്ങളിലേക്കും നയിക്കുമെന്നും സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസിന് ഉള്ളിലെ അഴിമതി ഗുരുതരമായ സാമൂഹ്യ വിപത്താണ്. പോലീസ് സമൂഹത്തിലെ ഏതാനും ചിലര്‍ നടത്തുന്ന അഴിമതി മൊത്തം പോലീസ് വിഭാഗത്തിനും അപകീര്ത്തികരമാകുന്നു. അഴിമതി കണ്ടെത്തി റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കണമെന്നും സ്റ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിച്ച് ജോലിഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആലുവ ലിറ്റില്‍ ഫ്ലവര്‍ ഓഡിറ്റോറിയത്തില്‍ സമ്മേളനം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി. ദിലീഷ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ പോലീസ് മേധാവി ടി. ബിജി ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ആര്. പ്രശാന്ത്, കെ.പി.എ.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി പ്രവീണ്‍, ഡി.വൈ.എസ് പി മാരായ പി.കെ ശിവന് കുട്ടി, ഷാജു വര്‍ഗീസ്, എം.കെ മുരളി, സംഘടനാ ഭാരവാഹികളായ അബ്ദുള്‍ സലാം, എം.കെ ജയകുമാര്‍, പി.ജി. അനില്‍കുമാര്‍, എന്‍.വി നിഷാദ്, കെ.ടി. ദീപു, എം.എം അജിത്കുമാര്‍, ഇ.കെ.അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ.പി. ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര് ബിജു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബെന്നി കുര്യാക്കോസ് ജില്ലാകമ്മിറ്റി റിപോര്‍ട്ടും, എം.വി സനില്‍ വരവ് ചിലവ് കണക്കും, എം.എസ്. സുരേഷ് ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ടും ,എ.കെ പ്രവീണ്‍ പ്രമേയവും അവതരിപ്പിച്ചു. വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ചടങ്ങില്‍ മെമന്റോകള്‍ വിതരണം ചെയ്തു.