പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും; ഇതുകൊണ്ടൊന്നും ഭയപ്പെടുത്താന്‍ കഴിയില്ലെന്ന് എം എ യൂസഫലി
സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് വ്യവസായി എം എ യൂസഫലി. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്നും യൂസഫലി പറഞ്ഞു. ലൈഫ് മിഷന് കേസില്‍ എന്‍ഫോഴ്സ്മെന്റ് സമന്‍സ് അയച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്കിയവരോട് ചോദിക്കണം. ഇതുകൊണ്ടൊന്നും ഭയപ്പെടുത്താന്‍ കഴിയില്ലെന്നും യൂസഫലി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ തന്റെ കുടുംബത്തെയടക്കം അപമാനിക്കുന്നവരുണ്ട്. അതിനെ നിയമപരമായി നേരിടേണ്ടതുണ്ടെങ്കില്‍ ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കും. ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നും നിക്ഷേപ സംരംഭങ്ങളില്‍ നിന്നും ഈ ആരോപണങ്ങള്‍ തന്നെ പിന്തിരിപ്പിക്കില്ല. ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടു പോകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രൂപ ഇന്ത്യയ്ക്ക് ഉള്ളിലും ഒരു മാസം ശമ്പളമായി ലുലു ഗ്രൂപ്പ് നല്‍കുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കൊണ്ട് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന ഉന്നയിച്ച പുതിയ ആരോപണങ്ങളിലാണ് യൂസഫലിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്.