വിഎസിന്റെ രംഗമുള്‍പ്പെടെ വെട്ടി; എ സര്‍ട്ടിഫിക്കറ്റോടെ ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി
കേരളത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപണം നേരിടുന്ന വിവാദ ചിത്രം ദി കേരള സ്റ്റോറിക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി. പത്തു രംഗങ്ങള്‍ വെട്ടിക്കൊണ്ടാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. തീവ്രവാദത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഉള്‍പ്പെടെ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.
പാകിസ്ഥാന് വഴി അമേരിക്ക തീവ്രവാദത്തിന് പണം നല്കുന്നു, ഹിന്ദുക്കളുടെ ആചാരങ്ങള്‍ നിര്‍വഹിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യണം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഇന്ത്യന്‍ എന്ന ഭാഗം നീക്കം ചെയ്യണമെന്നും ഫിലിം സര്ട്ടിഫിക്കേഷന് ബോര്‍ഡ് നിര്‍ദേശിച്ചു.
സിനിമയ്ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ചിത്രത്തിനെതിരെ നിയമ നടപടിയുള്‍പ്പെടെ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് ചിത്രത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.