സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്; മുഖ്യസൂത്രധാരന്‍ ബിജെപി കൗണ്‍സിലര്‍ ഗിരികുമാറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസൂത്രധാരന്‍ ബിജെപി പ്രവര്‍ത്തകനും കോര്പറേഷന് കൗണ്‍സിലറുമായ വി ജി ഗിരികുമാറെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പിടിപി വാര്‍ഡ് കൗണ്‍സിലറാണ് പ്രതി. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സന്ദീപാനന്ദഗിരി നടത്തിയ അഭിപ്രായ പ്രകടനങ്ങളിലുള്ള അതൃപ്തിയാണ് ആക്രമണത്തിന് പിന്നില്‍. സന്ദീപാനന്ദഗിരിയെ പാഠം പഠിപ്പിക്കണമെന്ന് ഗിരികുമാര്‍ നിര്‍ദേശിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
സന്ദീപാനന്ദഗിരിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് 2018 ഒക്ടോബര്‍ 21-ന് നടന്ന പ്രതിഷേധപ്രകടനത്തില്‍ കേസിലെ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ പങ്കെടുത്തിരുന്നതായും ഇതിന് ശേഷമാണ് ആക്രമണം നടത്താനുള്ള ഗൂഢാലോചന നടന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഒക്ടോബര്‍ 27-നാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അക്രമികള്‍ കത്തിച്ചത്. ആശ്രമം ഉള്‍പ്പെടുന്ന വാര്‍ഡില്‍ ആ സമയത്ത് ഗിരികുമാര്‍ കൗണ്‍സിലറായിരുന്നു.
കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശബരി എസ് നായരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ആശ്രമം തീയിട്ട രണ്ടു പേരില്‍ ഒരാള്‍ ശബരിയാണെന്നാണ് കണ്ടെത്തല്‍.