‘ദി കേരള സ്റ്റോറിയുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണം’; വിവാദ പരാമര്‍ശവുമായി എന്‍സിപി നേതാവ്
വിവാദ സിനിമ ദി കേരള സ്റ്റോറിയുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന പ്രസ്താവനയുമായി എന്‍സിപി നേതാവ്. മഹാരാഷ്ട്രയിലെ മുന്‍ എംഎല്‍എയും എന്‍സിപി നേതാവുമായ ജിതേന്ദ്ര അവാഡ് ആണ് വിവാദ പ്രസ്താവന നടത്തിയത്. സിനിമ ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപമാനിക്കുകയാണെന്നും മൂന്ന് എന്ന സംഖ്യയെ 32,000 ആയി പെരുപ്പിച്ചു കാണിക്കുകയാണെന്നും അവാഡ് പറഞ്ഞു.
ചിത്രവുമായി് ബന്ധപ്പെട്ട വിവാദം കൂടുതല്‍ ശക്തമാകുന്നതിനിടെയാണ് എന്‍സിപി നേതാവിന്റെ പരാമര്‍ശം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം ചിത്രം നിരോധിക്കുന്നതായി അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ മള്‍ട്ടിപ്ലെക്സുകളടക്കം ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിയിരുന്നു. അതേസമയം, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും മധ്യപ്രദേശും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.