കൊച്ചി പുറംകടലില്‍ പിടികൂടിയ ലഹരി മരുന്ന് എത്തിയത് പാകിസ്താനില്‍ നിന്ന്; പിടിയിലായത് പാക് പൗരനെന്ന് എന്‍സിബി
കൊച്ചി പുറംകടലില്‍ നിന്ന് ശനിയാഴ്ച പിടികൂടി ലഹരി മരുന്ന് എത്തിയത് പാകിസ്താനില്‍ നിന്നെന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. എന്‍സിബിയും നാവിസേനയും ചേര്‍ന്നാണ് പേരില്ലാത്ത കപ്പലില്‍ നിന്ന് മെറ്റാംഫിത്താമിന് പിടികൂടിയത്. ഇത് 25,000 കോടി രൂപ വിലമതിക്കുന്നതാണെന്ന് വ്യക്തമായിരുന്നു.
കപ്പലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സുബൈര്‍ പാകിസ്താന് പൗരനാണെന്നും എന്‍സിബി സ്ഥിരീകരിച്ചു. താന്‍ ഇറാന് പൗരനാണെന്നായിരുന്നു ഇയാള്‍ വാദിച്ചത്. എന്നാല്‍ ഇയാള്‍ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് എന്‍സിബി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുസംഘമാണ് തനിക്ക് മെത്താംഫിറ്റമിന്‍ നല്‍കിയതെന്ന് സുബൈര്‍ മൊഴി നല്കി. ഇവ കൃത്യമായി എത്തിച്ച് നല്കിയാല് വലിയ തുക പ്രതിഫലം നല്‍കുമെന്ന് ഇവര്‍ വാഗ്ദാനം നല്‍കിയതായും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.
പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പാണ് അന്താരാഷ്ട്ര ലഹരിക്കടത്തിന് പിന്നിലെന്നാണ് എന്‍.സി.ബി.യുടെ പ്രാഥമിക കണ്ടെത്തല്‍. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി 132 ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് ഇവ കപ്പലില്‍ സൂക്ഷിച്ചിരുന്നത്.