യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ച പെണ്‍കുട്ടിക്ക് പകരം എസ്എഫ്ഐ നേതാവിന്റെ പേര് വന്ന സംഭവം; ലിസ്റ്റ് തിരുത്തി കോളേജ്
കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ വിജയിച്ച പെണ്‍കുട്ടിയുടെ പേരിന് പകരം എസ്എഫ്ഐ നേതാവിന്റെ പേര് ചേര്‍ത്ത് യൂണിവേഴ്സിറ്റിക്ക് നല്കിയ പട്ടിക പിന്‍വലിച്ച് കാട്ടാക്കട ക്രിസ്ത്യന്‍ കോളജ്. യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച പെണ്‍കുട്ടിയുടെ പേരിനു പകരം സംഘടനാ നേതാവായ ആണ്‍കുട്ടിയുടെ പേര് ചേര്‍ത്താണ് ലിസ്റ്റ് യൂണിവേഴ്സിറ്റിക്ക് അയച്ചത്. ഈ സംഭവം വിവാദമായതോടെയാണ് കോളേജ് പ്രിന്‍സിപ്പല്‍ ലിസ്റ്റ് തിരുത്തി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് കൈമാറിയത്.
കഴിഞ്ഞ ഡിസംബര്‍ 12നു നടന്ന യൂണിയന് തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയുമാണ് വിജയിച്ചത്. എന്നാല്‍, കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍നിന്നു യൂണിവേഴ്സിറ്റിയിലേക്കു നല്കിയപ്പോള് അനഘയ്ക്കു പകരം കോളജിലെ ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥി എ.വിശാഖിന്റെ പേരാണ് നല്‍കിയത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണു വിശാഖ്. കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല.
വിശാഖിനെ കേരള സര്‍വകലാശാലാ യൂണിയന് ചെയര്മാന് പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണു കോളജ് തലത്തില്‍ കൃത്രിമം കാട്ടിയതെന്നാണ് ആരോപണം. ആള്‍മാറാട്ടം നടത്താന്‍ പട്ടിക തിരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്കു പരാതി നല്കി.