തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ
തിരുവനന്തപുരം, നെടുമങ്ങാട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തൻവീട്ടിൽ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ച ആണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണകാരണം ചികിത്സാപ്പിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
നാലു ദിവസവും കുട്ടിയെ പരിശോധിച്ച ശേഷം ഡോക്ടർമാർ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഞായറാഴ്ച രാവിലെ കുട്ടിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ഡോക്ടർമാർ മരുന്ന് നൽകുകയും ആവിപിടിക്കുകയും ചെയ്തു. പതിനൊന്ന് മണിയോടെ കുട്ടി മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിക്ഷേധിച്ചു. നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.