മധ്യവയസ്കയെ ആക്രമിച്ച് ഏഴ് പവന് സ്വര്‍ണം കവര്‍ന്നു
ടാങ്കില്‍ വെള്ളം നിറക്കാൻ രാത്രി വീടിന് പുറത്തിറങ്ങിയ മധ്യവയസ്കയെ ആക്രമിച്ചു ബോധംകെടുത്തി ഏഴു പവൻ സ്വര്‍ണം കവര്‍ന്നു. തൃക്കുന്നപ്പുഴ പതിയാങ്കര വാട്ടര്‍ ടാങ്കിന് വടക്കുഭാഗത്ത് താമസിക്കുന്ന പൊട്ടന്റെ തറയില്‍ സല്‍മത്തിന്റെ (51) സ്വര്‍ണമാണ് കവര്‍ന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പുറത്തു പതുങ്ങി നിന്ന മോഷ്ടാവ് ചാടി വീഴുകയായിരുന്നു. ഇവരുടെ മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു.
പെട്ടെന്ന് സല്‍മത്തിന്റെ ബോധം നഷ്ടപ്പെട്ടു. പിന്നീട് മോഷ്ടാവ് മാലയും വലത് കൈയിലെ മൂന്ന് വളയും ഊരിയെടുത്തു. ഇടത് കയ്യിലെ വള ഊരാൻ ശ്രമിച്ചെങ്കിലും മുറുകി കിടന്നതിനാല്‍ നടന്നില്ല. ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഈ സമയം മകൻ നിസാറും മരുമകള്‍ മുഹ്സിനെയും മക്കളും വീടിനുള്ളില്‍ ഉണ്ടായിരുന്നു. വാട്ടര്‍ ടാങ്കില്‍ നിന്നും വെള്ളം നിറഞ്ഞു താഴേക്ക് ഏറെനേരം വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോളാണ് ബോധരഹിതയായി കിടക്കുന്ന സല്‍മത്തിന് കണ്ടത്. തൃക്കുന്നപ്പുഴ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.