സൗദി അറേബ്യയില്‍ ഹൂതി ആക്രമണം തുടരുന്നു; ജാഗ്രതാ നിര്‍ദേശം നല്കി അമേരിക്ക
സൗദി അറേബ്യയില്‍ ഹൂതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി അമേരിക്ക. സൗദിയിലുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തായിഫ്, യാന്‍ബു എന്നീ നഗരങ്ങളിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ യാത്രകള്‍ നടത്തുന്നതിന് ഇനി മുതല്‍ പ്രത്യേക അനുമതി വാങ്ങണം. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് സൗദിയിലെ യുഎസ് മിഷന് എക്സിലൂടെ അറിയിച്ചു.
രാജ്യത്തുള്ള അമേരിക്കന്‍ പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും യുഎസ് മിഷന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ പൗരന്മാര്ക്കുള്ള സാധാരണ കോണ്‍സുലാര്‍ സേവനങ്ങളും അടിയന്തര സേവനങ്ങളും മുടങ്ങില്ലെന്നും അധികൃതര്‍ അറിയിച്ചു.
സൗദിയിലുള്ള അമേരിക്കക്കാര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യുഎസ് മിഷന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രാദേശിക വാര്‍ത്തകളും ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കുക, മൊബൈല്‍ ഫോണുകള്‍ എപ്പോഴും ചാര്‍ജ് ചെയ്ത് സൂക്ഷിക്കുക, സൗദി അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍. വ്യോമാക്രമണം ഉണ്ടായാല്‍ ജനലുകള്‍ക്കും ചില്ലുവാതിലുകള്‍ക്കും അടുത്തുനിന്ന് മാറിനില്‍ക്കണമെന്നും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.













