തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു; ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി
തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസില്‍ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കൂടുതല്‍ കുറ്റം ചുമത്തി കോടതി. 2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള നാല് ക്രിമിനല്‍ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുക, രാജ്യത്തെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തുക, സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. പ്രസിഡന്റ് അധികാരം ജോ ബൈഡന് കൈമാറുന്നത് തടയാൻ ശ്രമിച്ചെന്ന് ആരോപിച്ച് മൂന്നാം തവണയാണ് ഗ്രാൻഡ് ജൂറി ട്രംപിനെതിരെ കുറ്റം ചുമത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ചു എന്ന പേരില്‍ കുറ്റാരോപണം നേരിടുന്ന ആദ്യ മുൻ അമേരിക്കൻ പ്രസിഡന്റ് കൂടിയാണ് ട്രംപ്.
2024-ലെ അമേരിക്കൻ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങുന്ന ട്രംപിന് ഈ കേസ് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തുന്നത്. ട്രംപിനൊപ്പം ആറ് പേര് തിരഞ്ഞെടുപ്പ് അട്ടിമറി ഗൂഢാലോചനയില്‍ പങ്കാളികള്‍ ആയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നിയമവകുപ്പിലെ മുൻ ഉദ്യോഗസ്ഥരായ റൂഡി ഗ്യുലിയാനി, ജോണ്‍ ഈസ്റ്റ്മാൻ, സിഡ്നി പവ്വല്, കെൻ ചെസെബ്രോ, ജഫ് ക്ലര്‍ക്ക് എന്നിവരാണ് ട്രംപിനൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരം.