ജമ്മുവില്‍ നിന്ന് കാണാതായ സെെനികനെ കണ്ടെത്തി; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യും
ജമ്മു കാശ്മീരില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവ സെെനികൻ ജാവേദ് അഹമ്മദിനെ കണ്ടെത്തി. ജാവേദിനെ കണ്ടെത്തിയതായി കാശ്മീര്‍ പൊലീസാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
കുല്‍ഗാം പൊലീസ് സെെനികനെ കണ്ടെത്തിയെന്നും മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തെക്കൻ കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്ന് കഴിഞ്ഞ ജൂലായ് 29നാണ് ജാവേദിനെ കാണാതായത്. ലഡാക്ക് മേഖലയിലെ സെെനികനായിരുന്നു ഇദ്ദേഹം. ജൂലായ് 30ന് ജോലിയില്‍ തിരിച്ച് പ്രവേശിക്കേണ്ടതായിരുന്നു.
ശനിയാഴ്ച വൈകിട്ട് 6.30ന് സാധനങ്ങള്‍ വാങ്ങാൻ ഇറങ്ങിയ ജാവേദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്ന് മാര്‍ക്കറ്റിനടുത്ത് നിന്ന് ജാവേദ് സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. കാറില്‍ രക്തക്കറ കണ്ടത് ആശങ്കക്കിടയാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ജാവൈദിന്റെ കോള്‍ വിശദാംശങ്ങള്‍ ജമ്മു കാശ്മീര്‍ പൊലീസ് പരിശോധിക്കുകയും അദ്ദേഹവുമായി ബന്ധമുള്ള നിരവധി ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
അതിനിടെ, ജാവേദിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നെന്നും മോചിപ്പിക്കണമെന്നും കുടുംബം വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.