ഫൈനലിൽ പാകിസ്ഥാനെ വീഴ്ത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും ഇന്ത്യക്ക്
വനിതകള്‍ക്ക് പിന്നാലെ ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റിലും ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തി. ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്ഥാനെ തുരത്തിയാണ് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയത്. ഇന്ത്യ 19 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിൽ പാക് ടീമിന് 6 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
212 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയ പാകിസ്ഥാനായി ഹസന് നവാസ് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയെ വെല്ലുവിളിച്ച് പൊരുതിയെങ്കിലും അന്തിമ ജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ താരത്തിനു സാധിച്ചില്ല. 51 പന്തില്‍ 7 സിക്സും 5 ഫോറും സഹിതം ഹസന് നവാസ് 96 റണ്‍സെടുത്തു. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ 2 വിക്കറ്റെടുത്തു.
നേരത്തെ അതിവേഗ അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടേയും തിലക് വര്‍മയുടേയും ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിയത്. ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി സൂര്യവംശിയും അഭിഷേകും മികച്ച തുടക്കമാണ് നല്‍കിയത്. സ്കോര്‍ 28ല്‍ നില്‍ക്കെ ഇന്ത്യക്ക് വൈഭവിനെ നഷ്ടമായി. താരം 9 പന്തില്‍ 2 സിക്സുകള്‍ സഹിതം 15 റണ്‍സുമായി മടങ്ങി. പിന്നാലെ ഇറങ്ങിയ സഞ്ജുവിന് തിളങ്ങാനായില്ല. താരം 2 റണ്‍സുമായി ഔട്ടായി.
നാലാമനായി എത്തിയ ഇഷാന് ഫൈനലില്‍ ആ മികവ് ആര്ത്തിക്കാനായില്ല. 18 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്. ഇഷാന് മടങ്ങി അധികം വൈകാതെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പുറത്തായി. ശ്രേയസ് 21 റണ്‍സാണ് സ്വന്തമാക്കിയത്. പിന്നീട് ആറാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച തിലക് വര്‍മ- ശിവം ദുബെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തിയത്. തിലക് വര്‍മ പന്തില്‍ 4 സിക്സും 3 ഫോറും സഹിതം 51 റണ്‍സുമായി പുറത്താകാതെ നിന്നു.













