ബിനീഷ് കുറ്റവിമുക്തനാകുന്നു; ആരോപണം രാഷ്ട്രീയ പകപോക്കലോ??
ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേചെയ്തു. ബിനീഷിനെതിരായ ഇ.ഡി കേസ് നിലനില്‍ക്കുമോ എന്ന സംശയവും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്റ്റേ ബിനീഷിന് നൽകുന്ന ആശ്വാസം ചെറുതല്ല.
ഇ ഡി കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് നേരത്തെ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, വിചാരണക്കോടതി ആ ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഇപ്പോൾ വിചാരണക്കോടതിയുടെ നടപടികളില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ലഹരിക്കടത്തുകേസില്‍ ബിനീഷ് പ്രതിയല്ലെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസും നിലനില്‍ക്കുമോ എന്ന സംശയമാണ് ഇപ്പോൾ ഹൈക്കോടതി ഉന്നയിക്കുന്നത്.
ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് എന്ന ആളുമായിച്ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡി.യുടെ കണ്ടെത്തല്‍. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. ആരോപിച്ചിരുന്നു. 2020 ഒക്ടോബര്‍ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി ഉപാധികളോടെ ബിനീഷിന് ജാമ്യം അനുവദിച്ചിരുന്നു. അനൂപ് മുഹമ്മദിനെ ജയിലില്‍വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ബിനീഷ് കോടിയേരിയെ ഇ.ഡി. ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടോ എന്നായിരുന്നു ഇ.ഡി. പരിശോധിച്ചത്. ചോദ്യം ചെയ്ത ശേഷം ഇരുവരുടെയും മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് കണ്ടെത്തിയെന്നാണ് ഇ.ഡി അവകാശപ്പെട്ടത്.
ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020ൽ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ‘ബോസ്’ ബിനീഷാണെന്ന് അനൂപ് അന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്. 2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ വിചാരണത്തടവിനു ശേഷം ജാമ്യം ലഭിച്ചിരുന്നു. പിന്നീട് കോടതി ബിനീഷ് ഈ കേസിൽ പ്രതിയല്ല എന്ന് വിധിക്കുകയായിരുന്നു.
അപ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. ലഹരികേസിൽ ബിനീഷ് പ്രതിയല്ലെന്ന് കണ്ടെത്തിയതോടെ, കള്ളപ്പണം വെളുപ്പിക്കൽ കേസിന് നിലനില്പില്ലെന്നും കോടതി ഇപ്പോൾ പറയുന്നു. പിന്നെ എന്താണ് ബിനീഷ് ചെയ്ത കുറ്റം? അയാൾ ജയിലിൽ കിടന്നത് എന്തിനാണ്? ജാമ്യമില്ലാതെ ഒരു വർഷം ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിൽ അയാളെ തളച്ചിട്ടത് എന്തിനു വേണ്ടിയായിരുന്നു?
ഒരു രാഷ്ട്രീയപകപോക്കലാണോ ഇതിനു പിന്നിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇ ഡി എന്ന വജ്രായുധം പ്രയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്ന പതിവ് രീതിക്ക് തന്നെയാണോ ബിനീഷും ഇരയായത്?.
ഇക്കാര്യത്തിൽ ബിനീഷ് നിരപരാധിയാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ സന്തോഷത്തോടൊപ്പം അയാൾക്ക് ഏറെ സങ്കടവും ഉണ്ടാകും.. കാരണം തന്റെ അച്ഛൻ സഖാവ് കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ ഇല്ലാതെ പോയല്ലോ എന്ന ദുഃഖം.. കോടതി മുറിയിൽ താൻ നിരപരാധിയാണ് എന്ന വിധി കേൾക്കുന്നതിനേക്കാൾ അയാൾക്ക് സന്തോഷം നൽകുന്നത് മറ്റൊന്നാവും. അതിനി നടക്കാത്ത ഒരു ആഗ്രഹവുമാണ്…. താൻ തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിച്ച്, അച്ഛനോടൊപ്പം ചേർന്ന് നിൽക്കുന്നത് അയാൾ ഒരുപാട് തവണ സ്വപ്നം കണ്ടുകാണും..