രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി; 16 പ്രമുഖർ ബിജെപിയിൽ
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് തിരിച്ചടി. മുൻ എംഎൽഎ, മുൻ സംസ്ഥാന പൊലീസ് മേധാവി, മുൻ ജഡ്ജി ഉൾപ്പടെ 16 പ്രമുഖർ ബിജെപിയിൽ ചേർന്നു. കൂടുതൽ ആളുകൾ ഇനിയും ബിജെപിയിലേക്ക് എത്തുമെന്ന് രാജസ്ഥാൻ ബിജെപിയുടെ ചുമതലയുള്ള അരുൺ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. മുൻ എംഎൽഎമാരായ ഗോപിചന്ദ് ഗുർജാർ, മോത്തിലാൽ ഖരേര, അനിതാ കത്താര, വിരമിച്ച ജഡ്ജി കിഷൻ ലാൽ ഗുർജാർ, മധ്യപ്രദേശ് മുൻ ഡിജിപി പവൻ കുമാർ ജെയിൻ, കോൺഗ്രസ് നേതാവ് മൃദുരേഖ ചൗധരി തുടങ്ങി പതിനാറ് പ്രമുഖരാണ് ബിജെപിയിലേക്കെത്തിയത്. ഇവർക്കൊപ്പം അനേകം പ്രവർത്തകരും ബിജെപിയിലേക്ക് എത്തിയിട്ടുണ്ട്. പാർട്ടിനയങ്ങളിലും പദ്ധതികളിലും വിശ്വാസമുള്ളതിനാലാണ് ആളുകൾ ബിജെപിയിലേക്കെത്തുന്നത്. ഭാവിയിലും ഇത് തുടരും. അരുൺ സിംഗ് പറഞ്ഞു. തൊഴിലില്ലായ്മ, റിക്രൂട്ട്മെന്റ് പരീക്ഷാ പേപ്പർ ചോർച്ച, കർഷകരുടെ ഭൂമി ലേലം ചെയ്യൽ, സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കോൺഗ്രസ് സർക്കാരാണ് ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകൾക്ക് സ്മാർട്ട്ഫോണുകൾ വിതരണം ചെയ്യുന്നതിനു പകരം അവരുടെ സുരക്ഷയെ കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിയമവാഴ്ചയില്ല. അഴിമതി അതിന്റെ ഏറ്റവുമുയർന്ന അവസ്ഥയിലാണ്. കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന സർക്കാർ വാഗ്ദാനം പാലിക്കാത്തതിനാൽ കർഷകരുടെ ഭൂമി ലേലം ചെയ്യുകയാമെന്നും റാത്തോഡ് പറഞ്ഞു.