‘നെഹ്റു മ്യൂസിയം ഇനി പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം’; പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍
ഡൽഹിയിലെ ജവഹര്‍ ലാല്‍ നെഹ്റുവിൻ്റെ പേരിലുളള മ്യൂസിയം ഇനി ‘പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്ന് അറിയപ്പെടും. കേന്ദ്ര സര്‍ക്കാരാണ് നെഹ്റു മ്യൂസിയം പേര് മാറ്റി ‘പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്നാക്കിയത്. 77-ാമത് സ്വാതന്ത്ര്യ ദിനമായ ചൊവ്വാഴ്ചയാണ് സ്ഥാപനത്തിന്റെ പേര് മാറ്റിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന് മ്യൂസിയം ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു.
ജൂണിൽ നടന്ന നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി പേര് മാറ്റിയത്. സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നിരുന്നത്.
പുതിയ പേരില്‍ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടി ക്രമങ്ങള്‍ ആവശ്യമാണ്. പുനര്‍നാമകരണം പ്രാബല്യത്തില്‍ വരുന്നതിനുള്ള തീയതി ഓഗസ്റ്റ് 14 ആക്കാനാണ് എൻ എം എം എല്‍ അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.