‘തായ് മാമന് തങ്ക മോതിരം’ കിട്ടാൻ അൽപം വൈകി; നഴ്സിനെയും കുടുംബക്കാരെയും യുവാവ് മര്‍ദ്ദിച്ചു
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാമിന്റെ സ്വര്‍ണ്ണ മോതിരം സമ്മാനിക്കുന്ന വിജയ് സര്‍ക്കാരിന്റെ ‘തായ് മാമന് തങ്ക മോതിരം’ എന്ന പദ്ധതിയില്‍ കാലതാമസമുണ്ടായെന്നാരോപിച്ച് നഴ്സിനെ മര്‍ദ്ദിച്ച് യുവാവ്. തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.
മദന്‍ എന്ന യുവാവാണ് 35കാരിയായ നഴ്സ് അലമേലുവിനേയും, സഹോദരന് സുമന്, അമ്മായി സുജാത എന്നിവരെയും ഒരു പാര ഉപയോഗിച്ച് ആക്രമിച്ചത്. തുടർന്ന് ഇവരെ അസഭ്യം പറയുകയും ചെയ്തിരുന്നു. മൂവരെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 16 ന് തഞ്ചാവൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് മദന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയത്.
തായ്മാമൻ തങ്ക മോതിരം പദ്ധതി പ്രകാരം ഒരു ഗ്രാം സ്വര്‍ണ്ണ മോതിരം ലഭിക്കാന്‍ മദന്റെ കുടുംബത്തിന് അര്‍ഹതയുണ്ടെങ്കിലും, കുറച്ച് ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് നഴ്സ് ആയ അലമേലു അറിയിച്ചു. ഇതാണ് പ്രകോപനത്തിന് കാരണമായത്. വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ കുഞ്ഞിന് ധരിക്കാന്‍ മോതിരം വേണമെന്നും ഉടന്‍ തന്നെ തരണമെന്നും മദന്‍ അലമേലുവിനോട് ആവശ്യപ്പെട്ടു. എന്നാൽ ഊഴമെത്തുമ്പോള്‍ മാത്രമേ മോതിരം നല്‍കൂ എന്ന് നഴ്സ് മദനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മദ്യലഹരിയിലായ മദൻ അലമേലു താമസിക്കുന്ന സ്ഥലത്ത് എത്തുകയും ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിക്കവെയാണ് സഹോദരനും ബന്ധുവിനും പരിക്കേറ്റത്.













