ജൂലൈയിലെ ശമ്പളം കിട്ടിയില്ല: കെഎസ്ആർടിസി യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച
ശമ്പള പ്രതിസന്ധിയിൽ കെഎസ്ആർടിസിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ അംഗീകൃത യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചർച്ച നടക്കും. ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും പങ്കെടുക്കും.
ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വിവിധ യൂണിയനുകൾ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ച നിശ്ചയിച്ചത്. ജൂലൈ മാസത്തെ രണ്ട് ഗഡു ശമ്പളവും ഇതുവരെയും വിതരണം ചെയ്യാനായിട്ടില്ല. ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല.
പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ മാസം 26 ന്പ്രഖ്യാപിച്ച പണിമുടക്കിൽ നിന്നും സിഐടിയു, ടിഡിഎഫ് യൂണിയനുകളെ പിന്തിരിപ്പിക്കുകയാണ് ചർച്ചയുടെ ലക്ഷ്യം. വൈകുന്നേരം 3 മണിക്കാണ് ചർച്ച. അതേസമയം ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയാൽ ആദ്യ ഗഡു ശമ്പളവിതരണം ഇന്ന് തുടങ്ങിയേക്കും.