രാജസ്ഥാൻ, മദ്ധ്യപ്രദേശടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്നറിയാം; ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപനം വൈകാതെ
അഞ്ചോളം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. മിസോറാം, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് ഇന്ന് പ്രഖ്യാപിക്കുക.
ഉച്ചയ്ക്ക് 12 മണിയ്ക്ക് വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ തീയതികളും എത്ര ഘട്ടമായാകും തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയതടക്കം വിവരങ്ങളറിയാം.2023 ഡിസംബറിനും 2024 ജനുവരിയിലുമായാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി പൂര്‍ത്തിയാകുക.
കേന്ദ്ര ഭരണം നടത്തുന്ന ബിജെപിയ്ക്കും, കോണ്‍ഗ്രസിനും വിവിധ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏറെ നിര്‍ണായകമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ്. നിലവില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് ഭരണത്തില്‍. ബിജെപി നേരിട്ട് ഭരിക്കുന്നത് മദ്ധ്യപ്രദേശിലാണ്. കെ സി ആര് നേതൃത്വം നല്കുന്ന ഭാരത് രാഷ്ട്ര സമിതിയാണ് തെലങ്കാനയില്‍. മിസോ നാഷണല്‍ ഫ്രണ്ടാണ് മിസോറാമില്‍ ഭരിക്കുന്നത്.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനൊരുങ്ങുകയാണ്. ഇതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ 13ന് ചേരും. യോഗത്തില്‍ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനാണ് നീക്കം. സ്ഥാനാര്‍ഥി പട്ടിക അന്തിമമായാല്‍ ഉടനടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്കു കടക്കുകയാണ് ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സ്ക്രീനിംഗ് കമ്മിറ്റിയോഗം ചേര്‍ന്നിരുന്നു. ചുരുക്കപ്പട്ടിക വിലയിരുത്തലാകും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നടക്കുക.