ആഭ്യന്തര യുദ്ധം: കോംഗോയില്‍ പലായനം ചെയ്തത് 69 ലക്ഷം പേര്
അവസാനിക്കാതെ തുടരുന്ന ആഭ്യന്തര സംഘര്‍ഷം കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ ഇതിനകം 69 ലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടമാക്കിയതായി രാജ്യാന്തര പലായന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.
ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങള്‍ക്കൊപ്പം വിമത കലാപങ്ങളും ചേര്‍ന്നാണ് രാജ്യത്ത് സാധാരണക്കാരെ പെരുവഴിയിലാക്കുന്നത്. സംഘട്ടനം ഏറ്റവും കലുഷിതമായി തുടരുന്ന കിഴക്കൻ പ്രവിശ്യകളായ ഉത്തര കിവു, ദക്ഷിണ കിവു, ഇറ്റുറി, തൻഗാനിയിക എന്നിവിടങ്ങളില്‍നിന്നാണ് ഏറെ പേരും വീടുവിട്ട് ഓടേണ്ടിവന്നതെന്ന് സംഘടന പറയുന്നു. ഉത്തര കിവുവില്‍ മാത്രം 10 ലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായിട്ടുണ്ട്. ടുട്സി വംശജരായ എം23 എന്ന വിമത വിഭാഗവുമായി നടക്കുന്ന സംഘര്‍ഷമാണ് ഏറ്റവുമൊടുവിലെ കൂട്ട പലായനത്തിനിടയാക്കിയത്.
അയല്‍രാജ്യങ്ങളായ ബുറുണ്ടി, റുവാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളില്‍നിന്ന് അഞ്ചു ലക്ഷത്തിലേറെ പേര് അഭയംതേടിയ നാടാണ് കോംഗോ. എന്നാല്‍, പുതിയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കൂടുതല്‍ പേര് അംഗോള, ബുറുണ്ടി, കോംഗോ റിപ്പബ്ലിക്, കെനിയ, മലാവി, റുവാണ്ട, ദക്ഷിണാഫ്രിക്ക, യുഗാണ്ട, താൻസനിയ, സാംബിയ എന്നിവിടങ്ങളിലൊക്കെയും അഭയംതേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുഗാണ്ടയില്‍ മാത്രം 98,000 പേര് അഭയം തേടിയതായാണ് റിപ്പോര്‍ട്ട്.