അറബ് രാഷ്ട്രങ്ങൾ പറയുന്ന വിലയിൽ എണ്ണ വാങ്ങാൻ ഇന്ത്യയില്ല; റഷ്യയിൽ നിന്നും എണ്ണ വാങ്ങി ഇന്ത്യ നേടിയത് കോടികൾ…
ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ മുന്നേറ്റവുമായി റഷ്യ കുതിച്ച് കയറുകയാണ്. ഈ സാമ്പത്തിക വർഷത്തില്‍ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 64% വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. എണ്ണ ഇറക്കുമതിയാണ് നേട്ടത്തിന് പിന്നിലെ പ്രധാന കാരണം.
റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 22.13 ബില്യൺ ഡോളറായിരുന്നു. എന്നാല്‍ ഈ വർഷം ഇത് 36.27 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ, ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഏഴ് മാസത്തിനുള്ളിൽ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഇറക്കുമതി പങ്കാളിയായും റഷ്യ മാറിക്കഴിഞ്ഞു.
അംറിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവായ ഇന്ത്യ തങ്ങളുടെ ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയാണ് ചെയ്യുന്നത്. പരമ്പരാഗതമായി അറബ് രാഷ്ട്രങ്ങളായിരുന്നു ഇന്ത്യയുടെ എണ്ണ ദാതാക്കൾ. എന്നാൽ ഉക്രൈന് യുദ്ധത്തിന് പിന്നാലെ സാഹചര്യം മാറുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോള്‍ വിലക്കിഴിവില്‍ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങളിലേക്ക് റഷ്യ വ്യാപാരവുമായി കടന്ന് ചെല്ലുകയായിരുന്നു.
ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 1% മാത്രമുണ്ടായിരുന്ന റഷ്യ ഇപ്പോൾ രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 40% നിറവേറ്റുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. അതേ സമയം, ചൈനയിൽ നിന്നുള്ള മൊത്തത്തിലെ ഇറക്കുമതി അല്പം കുറയുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 29.56 ബില്യൺ ഡോളറിൽ നിന്ന് 16 ശതമാനം കുറഞ്ഞ് 24.89 ബില്യൺ ഡോളറായി.
സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ, സിംഗപ്പൂർ, കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയും ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴു മാസങ്ങളിൽ കുറഞ്ഞതായി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ വർഷം ഇതുവരെ വിലകുറവുള്ള റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ഇന്ത്യ ഏകദേശം 2.7 ബില്യൺ ഡോളർ ലാഭം നേടിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നത് ഇന്ത്യയെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനും വ്യാപാരക്കമ്മിയിലെ സമ്മർദ്ദം ലഘൂകരിക്കാനും സഹായിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള പരമ്പരാഗത വിതരണക്കാരെ ആശ്രയിക്കാതെ വഴിയില്ല എന്ന അവസ്ഥയും ഇതോടെ മാറുകയാണ്. അറബ് രാഷ്ട്രങ്ങളെക്കാൾ ബാരലിന് ഏകദേശം 10 ഡോളർ കുറവിലാണ് ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത്.