ഉത്തരകാശിയിലെ തുരങ്ക ദുരന്തം; രക്ഷാദൗത്യം വീണ്ടും തടസപ്പെട്ടു
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ചാര്‍ധാം പാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് 40 തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തിലെ രക്ഷാദൗത്യത്തില്‍ വീണ്ടും പ്രതിസന്ധി. ലോഹഭാഗത്ത് ഡ്രില്ലിംഗ് മെഷീന് ഇടിച്ചതിനെ തുടര്‍ന്ന് ഡ്രില്ലിംഗ് തടസപ്പെട്ടു.
ഈ ലോഹഭാഗങ്ങള്‍ ഗ്ലാസ് കട്ടറുകള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്. 25 മീറ്ററോളം തുരന്ന ശേഷമാണ് ഡ്രില്ലിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നത്.
45 മീറ്റര്‍ കൂടി തുരന്ന ശേഷമാണ് തൊഴിലാളികളുടെ സമീപമെത്താനാവുക. ഇതിന് ശേഷം സ്റ്റീല്‍ പൈപ്പ് വഴി തുരങ്കത്തിനകത്ത് മറ്റൊരു തുരങ്ക പാത നിര്‍മിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് പദ്ധതി. വ്യാഴാഴ്ച ഉച്ചയോടെയാണ് അമേരിക്കന്‍ നിര്‍മിത ഡ്രില്ലിംഗ് മെഷീന് ടണലില്‍ സ്ഥാപിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെയാണ് രക്ഷാദൗത്യം വീണ്ടും പ്രതിസന്ധിയിലായത്.