ഇസ്രയേൽ ജയിക്കണമെങ്കിൽ ആദ്യം വീഴേണ്ടത് യഹ്യ സിൻവർ; ഹമാസിൻറെ ഹിറ്റ്ലർ..
ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 75 മൈല്‍ അകലെയുള്ള ടെല്‍ അവീവിലെ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചുവരില്‍ ഒരു പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. വിവിധ ഹമാസ് കമാൻഡര്‍മാരുടെ മുഖങ്ങള്‍ ഈ പോസ്റ്ററില്‍ ഉണ്ട്. ഇസ്രായേല്‍ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളുടെ ഫോട്ടോയില്‍ ചുവന്ന മഷികൊണ്ട് രണ്ടുവരയും വരച്ചിട്ടുണ്ട്. തിരഞ്ഞുപിടിച്ച് വധിക്കാനുള്ള ഹമാസ് കമാൻഡര്‍മാരുടെയും നേതാക്കളുടെയും മുഖങ്ങളാണ് ഇസ്രായേല്‍ പോസ്റ്റാറാക്കി സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും മുകളിലായി ഒരു ഫോട്ടോ പതിച്ചിട്ടുണ്ട്.. അയാളുടെ പേര് യഹ്യ സിൻവാര്‍ എന്നാണ്.
ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേലിന്റെ ഉറക്കം കളഞ്ഞ പേരാണിത്. മൊസാദിന്റെ കണ്ണുവെട്ടിച്ച് ഇസ്രായേലില്‍ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തിന്റെ സൂത്രധാരൻ എന്നാണ് യഹ്യ സിൻവാറിനെ വിശേഷിപ്പിക്കുന്നത്. “ഒരു ചെറിയ ഹിറ്റ്ലറെ പോലെ തന്റെ ബങ്കറിനുള്ളില്‍ ഒളിച്ചിരിക്കുകയാണ് അയാള്‍” എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കളിയാക്കുന്നുണ്ട്. സ്വന്തം രാജ്യം ദുരിതം അനുഭവിക്കുമ്ബോള്‍ ഏതോ രാജ്യത്ത് സുഖജീവിതം നയിക്കുകയാണെന്നും ആരോപണങ്ങള്‍ ഉന്നയിച്ച് യഹ്യ സിൻവാറിനെ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനും ഇസ്രായേൽ ശ്രമിക്കുന്നുണ്ട്.
എങ്ങനെയെങ്കിലും സിൻവാറിനെ പിടികൂടാനായത് ഹമാസിന്റെ നാശം അവിടെ തുടങ്ങുമെന്നാണ് ഇസ്രായേലിന്റെ പ്രതീക്ഷ. ഗസ്സയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുമ്ബോള്‍, തങ്ങളുടെ നോട്ടപ്പുള്ളികളിൽ ഏറ്റവും പ്രധാനി ഇയാൾ ആണെന്നാണ് ഇസ്രായേല്‍ പറഞ്ഞത്. തിന്മയുടെ മുഖമെന്നാണ് ഇസ്രായേല്‍ യഹ്യ സിൻവാറിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഫലസ്തീനില്‍ യഹ്യ സിൻവാര്‍, ഇസ്മായില്‍ ഹനിയയുടെ പിൻഗാമിയാണ്. പരിഹസിച്ച് തള്ളൂമ്പോളും ഹമാസ് സായുധസംഘത്തിന്റെ തലവന്‍ എന്നതിനപ്പുറം ഇസ്രായേല്‍ യഹ്യ സിൻവാറിനെ പേടിക്കുന്നു എന്നതാണ് സത്യം.
ഗസ്സയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്ബിലായിരുന്നു യഹ്യ സിൻവാറിന്റെ ജനനം. ക്യാമ്പുകളിൽ ജനങ്ങള്‍ക്കെതിരെ അധിനിവേശ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ നേരിട്ട് കണ്ടും അനുഭവിച്ചുമായിരുന്നു യഹിയ സിൻവാർ വളർന്നത്. പഠനസമയത്ത് തന്നെ ഫലസ്തീനിലെ മുസ്ലിം ബ്രദര്‍ഹുഡിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന ‘ഇസ്ലാമിസ്റ്റ് ബ്ലോക്കിന്റെ’ ഉയർന്ന നേതാവായി യഹിയ. പിന്നീട് തേടിയെത്തിയ, ഉന്നത പദവികളെല്ലാം നന്നായി കൈകാര്യം ചെയ്യാൻ വിദ്യാര്‍ത്ഥി കാലത്തെ ഈ പ്രവര്‍ത്തന പരിചയം യഹ്യ സിൻവാറിന് സഹായകമായി. 1987-ല്‍ ഹമാസ് രൂപീകരിച്ചപ്പോള്‍ സിന്‍വാറും അതിന്റെ ഭാഗമായി. ഇസ്രയേലുമായി സഹകരിച്ചു എന്ന് സംശയിക്കുന്നവരെയെല്ലാം കൊന്നത് കൊണ്ട് അദ്ദേഹത്തിന് “ഖാൻ യൂനിസിന്റെ കശാപ്പുകാരൻ” എന്ന വിളിപ്പേരും കിട്ടി.
2006-ല്‍ ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡ്സ് ഇസ്രായേലില്‍ ഒരു ആക്രമണം നടത്തി. ചരിത്രത്തില്‍ ഇസ്രായേലിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. തുരങ്കം നിര്‍മിച്ച് ഇസ്രയേല്‍ ഭൂപ്രദേശത്തുകയറിയ ഹമാസ് സൈനിക പോസ്റ്റ് ആക്രമിക്കുകയായിരുന്നു. രണ്ടു സൈനികരെ ഇസ്രായേലിന് നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗിലാദ് ഷാലിത് എന്ന ഇസ്രായേല്‍ സൈനികനെ ഹമാസ് ബന്ദിയാക്കുകയും ചെയ്തു. അതിന് ശേഷം 2011- വരെ സിന്‍വാറിന് തുടര്‍ച്ചയായി ജയിലില്‍ കഴിയേണ്ടി വന്നു.
2011 ഒക്ടോബര്‍ 18 ന് ഹമാസ് ബന്ദിയാക്കിയ ഇസ്രായേല്‍ കമാൻഡര്‍ ഗിലാദ് ഷാലിതിന് പകരം ഹമാസ് ആവശ്യപ്പെട്ടത് യഹ്യ സിൻവാറിന്റെ മോചനമായിരുന്നു. യഹ്യക്കൊപ്പം തടവിലാക്കിയ 1027 ഫലസ്തീനികളെ കൂടി ഇസ്രായേലിന് വിട്ടുകൊടുക്കേണ്ടി വന്നു. ഫലസ്തീനികളെ വിട്ടയച്ചതിനേക്കാള്‍ യഹ്യ ഹസന് സിന്‍വാര്‍ എന്ന പോരാളിയെ അന്ന് വിട്ടയച്ചതിന്റെ പേരിലാവും ഇപ്പോൾ ഇസ്രായേല്‍ ഖേദിക്കുന്നത് എന്ന കാര്യം തീർച്ചയാണ്.
പിന്നീട്, യഹ്യ സിൻവാറും ഒപ്പം ഹമാസും വളരുകയായിരുന്നു. 2015-ല്‍ അമേരിക്ക അന്തര്‍ദേശീയ തീവ്രവാദി നോട്ടപ്പുള്ളികളുടെ പട്ടികയില്‍ യഹ്യയെ ഉള്‍പ്പെടുത്തുകയും ചെയ്തു. 2017 ഫെബ്രുവരിയിലാണ് യഹ്യ സിൻവാര്‍ ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്മായില്‍ ഹനിയയുടെ പിൻഗാമി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2021 മെയ് 15 ന് യഹ്യ സിൻവാറിന്റെ വീടിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. തെക്കൻ ഗസയിലെ ഖാൻ യൂനിസ് മേഖലയില്‍ ഇസ്രയേലികളും ഫലസ്തീനിയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ ആക്രമണം. വധഭീഷണി നേരിട്ടുകൊണ്ടിരിക്കവേ നാലുതവണയാണ് അന്ന് യഹ്യ സിൻവാര്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടത്. 2021 മെയ് 27 ന് നടന്ന ഒരു പത്രസമ്മേളനത്തില്‍, കാല്‍നടയായി വീട്ടിലേക്ക് പോകും എന്ന് പറഞ്ഞ യഹ്യ ഇസ്രായേലിനെ പരസ്യമായി വെല്ലുവിളിക്കുക തന്നെ ആയിരുന്നു.
”ഞങ്ങള്‍ മരിക്കാൻ തയ്യാറാണ്, പതിനായിരക്കണക്കിന് ആളുകള്‍ ഞങ്ങളോടൊപ്പം മരിക്കും”: യഹ്യ സിൻവാറിന്റെ ഈ വാക്കുകളാണ് ഹമാസിന്റെ ഊര്‍ജമായി കണക്കാക്കുന്നത്. ഇത് തന്നെയാണ് ഇസ്രായേലിന്റെ മുന്നിലെ തടസവും. ഹമാസിന്റെ തുരങ്കങ്ങളിൽ എവിടെയോ യഹ്യ സിൻവാര്‍ ഒളിച്ചിരിക്കുന്നു എന്നാണ് ഇസ്രായേലിന്റെ വാദം. തുരങ്കങ്ങള്‍ ഓരോന്നായി തകര്‍ത്തെന്ന് അവകാശപ്പെടുമ്ബോഴും ഹമാസിന്റെ ഒരു കേന്ദ്രം പോലും കണ്ടെത്താൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. ഹമാസിനെ തകര്‍ക്കുമെന്ന് പറയുമ്പോളൊക്കെ, ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ചുവരില്‍ തൂക്കിയ യഹ്യയുടെ പോസ്റ്ററിലേക്ക് നോക്കി നെതന്യാഹു നോക്കുന്നുണ്ടാകും. കാരണം ഹമാസ് വീഴണമെങ്കിൽ ആദ്യം യാഹ്യ വീഴണം. എന്നാൽ ആയ ഒരു കാര്യം ഇസ്രായേൽ വിചാരിച്ചപോലെ നടക്കുന്നില്ല എന്നതാണ് യുദ്ധം നീണ്ട് പോകാൻ പ്രധാന കാരണം..