ഈ മണ്ണും രാജ്യവും ആരുടേയും തന്തയുടെ വകയല്ലെന്ന് സുരേഷ് ഗോപി; മോദിയോട് ഇക്കാര്യം പറയുമോ???
നവകേരള സദസിനായി സർക്കാർ ധൂർത്തടിക്കുന്ന പണമുണ്ടെങ്കിൽ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ജനകീയ സമരങ്ങൾ ശക്തിപ്രാപിക്കേണ്ട സമയം വളരെ അധികം അതിക്രമിച്ചിരിക്കുകയാണ്. സ്വന്തം ജീവിതം സ്തംഭിപ്പിച്ച് സർക്കാരിനെതിരെ സമയം നടത്താൻ ജനം തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. നവകേരള സദസിനെതിരെ കണ്ണൂരിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിയെ സുരേഷ് ഗോപി പിന്തുണച്ചു. ജനങ്ങൾക്ക് വേണ്ടിയാണ് അവർ അത് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്തെ കുറിച്ച് പിന്നെ പ്രത്യേകം പറയേണ്ടതില്ലന്നും വെറും വാചകവും തള്ളും മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. പിന്നെ രാക്ഷസ വാഹനത്തെ ചളിയിൽ നിന്നും തള്ളിക്കയറ്റുന്നതും അങ്ങനെ നല്ല തമാശകളൊക്കെയാണ് നടക്കുന്നത്. ആ വാഹനത്തെ കുറ്റം പറയുന്നില്ല. അതൊക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പക്ഷേ അതൊക്കെ അവർക്കുള്ള ചില സൂചനകളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പെട്രോളിനും ഡീസലിനും വിലകൂട്ടിയെന്ന് പറഞ്ഞ് പ്രേക്ഷോഭം നടത്തിയവരാണ് ഇപ്പോൾ രണ്ട് രൂപ അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. അതിൽ നിന്ന് പോലും അവർക്ക് പെൻഷൻ കൊടുക്കാൻ സാധിക്കുന്നില്ല. ജനങ്ങൾ മുന്നോട്ട് വരണം, പെട്രോളും ഡീസലും അടിക്കുമ്പോൾ ചുമത്തുന്ന രണ്ട് രൂപ ചുങ്കം തരാൻ തയ്യാറില്ലെന്ന് പറയണം. എല്ലാവരും ഒരാഴ്ച പെട്രോൾ അടിക്കാതെ ഇരിക്കണം. സ്വന്തം ജീവിതം സ്തംഭിപ്പിച്ച് വേണം ഇതിനെതിരെ സമരം നടത്താനിന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഈ മണ്ണ് നിങ്ങളുടെ അപ്പന്റെ വകയാണെന്ന് നിങ്ങൾ അടിയുറച്ച് വിശ്വസിക്കണം.ജോലിക്കാരെ മാത്രമാണ് നിങ്ങൾ അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കുന്നത്. ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ലാ , നമ്മുടെ എല്ലാവരുടെയും വകയാണെന്നുമാണ് , സുരേഷ് ഗോപി പറഞ്ഞു നിർത്തിയത്.
അവസാനം പറഞ്ഞ കാര്യം കുറെ നാളുകളായി ജനങ്ങൾ നരേന്ദ്ര മോദിയോടും അമിത് ഷായോടും പറയുന്നുണ്ട്. ബിജെപിയിൽ ആയത് കൊണ്ട് സുരേഷ് ഗോപി അത് കേൾക്കാത്തതാണ്. അഞ്ച് വര്ഷം കൂടുമ്പോൾ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജോലിക്കാർ മാത്രമാണ് കേന്ദ്ര മന്ത്രിസഭയെന്നതും അദ്ദേഹം സൗകര്യപൂർവ്വം മറക്കുന്നു. എന്തായാലും സുരേഷ്ഗോപി എന്ന ബിജെപിയുടെ മുൻ പാർലമെന്റ് അംഗം പറഞ്ഞത് കൊണ്ട് നമുക്ക് ഒരിക്കൽ കൂടെ ആ കാര്യം വിളിച്ചു പറയാം. ഈ മണ്ണും ഇന്ത്യയും ഒരുത്തൻറെയും തന്തയുടെ വകയല്ല. തൃശ്ശൂരും കേരളവുമൊക്കെ ഞാൻ എടുക്കും എന്ന് പറയുന്നതിന് മുമ്പ് ഈ കാര്യം എല്ലാവരും ഓർക്കുന്നത് നല്ലതാണ്.