രഞ്ജിത് ഇസ്രയേൽ സൈനികനല്ല; അയാൾ ഒരു സൈന്യമാണ്…
ഉത്തരകാശിയിലെ സില്‍കാരയിലെ തുരങ്കത്തിൽ 17 ദിവസം കുടുങ്ങി കിടന്ന 41 തൊഴിലാളികളെയും രക്ഷപ്പെടുത്തിയ സംഘത്തിൽ സജീവമായി പങ്കെടുത്ത ആളാണ് തിരുവനന്തപുരം സ്വദേശി രഞ്ജിത്ത്. . സില്‍കാരയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമുതല്‍ തിരുവനന്തപുരം വിതുര സ്വദേശിയായ രഞ്ജിത് ഇസ്രായേല്‍ ആ തുരങ്കത്തിലുണ്ടായിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് താന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതെന്നും രാജ്യത്തിനായി പ്രതിഫലംനോക്കാതെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും രഞ്ജിത് ഇസ്രായേല്‍ പറയുന്നു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയില്‍ കനത്ത നാശം വിതച്ച അഞ്ചു ദേശീയ ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തകനായിരുന്നു രഞ്ജിത് ഇസ്രായേല്‍. കശ്മീരിലെ സൈനിക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രഞ്ജിത് സാഹസികമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നേടിയിട്ടുണ്ട്. 2013-ല്‍ ഉത്തരാഖണ്ഡില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ച മേഘവിസ്ഫോടനം, 2018-ല്‍ കേരളത്തെ നടുക്കിയ മഹാപ്രളയം. 2019-ലെ നിലമ്പൂര്‍ കവളപ്പാറ ദേശീയദുരന്തം, 2020 ഇടുക്കി പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍, 2021-ല്‍ ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ തപോവന്‍ തുരങ്കത്തിലെ അപകടം, മുതലപ്പൊഴി രക്ഷാദൗത്യം എന്നിവയാണ് രഞ്ജിത് പങ്കെടുത്തിട്ടുള്ള പ്രധാന രക്ഷാപ്രവര്‍ത്തനങ്ങള്‍.
ഒരു ദുരന്ത രക്ഷാപ്രവർത്തകന് നേരിടേണ്ടി വരുന്ന അപകടങ്ങൾ അനവധിയാണ്. അത് കൊണ്ട് തന്നെയാണ് ആ ഫീൽഡിലേക്ക് പെട്ടെന്ന് കടന്നു ചെല്ലാൻ എല്ലാവരും മടിക്കുന്നത്. നിലവിൽ NDRF സംഘത്തിനൊപ്പം രക്ഷാ പ്രവർത്തനം നടത്തുന്ന ഏക സിവിലിയനാണ് രഞ്ജിത്ത് ഇസ്രായേൽ. രാജ്യത്തിൽ അങ്ങിങ്ങായി നടന്നിട്ടുള്ള ദുരന്തങ്ങളിലെല്ലാം തന്നാൽ കഴിയുന്ന സമയത്തിനുള്ളിൽ എത്തി ചേർന്ന് രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട് ഈ ചെറുപ്പക്കാരൻ. സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നെ പ്രതീക്ഷിക്കാതെ ഇന്ത്യയിലാകെ രക്ഷാ പ്രവർത്തനം നടത്തുന്ന രഞ്ജിത്ത്, റെസ്ക്യു ട്രെയ്നിങ്ങും, ഡിസാസ്റ്റർ മാനേജ്മെന്റിൽ പരിശീലനവും നൽകുന്നുണ്ട്.
മുതലപ്പൊഴി ദുരന്ത വാര്‍ത്ത അറിഞ്ഞയുടനെ ഗൂഗില്‍ മാപ്പ് നോക്കി രഞ്ജിത്ത് വിതുരയിലെ വീട്ടില്‍ നിന്നും മുതലപ്പൊഴിയിലേക്ക് എത്തുകയായിരുന്നു. കടലില്‍ കാണാതായ മൂന്ന് പേര്‍ക്കുള്ള തെരച്ചിലില്‍ ദുരന്ത നിവാരണ സേനക്കും, നേവിയ്ക്കും നാട്ടുകാരായ മത്സ്യതൊഴിലാളികള്‍ക്കുമൊപ്പം രജ്ഞിത്ത് നടത്തിയ സേവനം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിലും രക്ഷപ്രവര്‍ത്തനത്തിനായി രഞ്ജിത്ത് എത്തിയിരുന്നു. പ്രതിഫലം ഒന്നുമില്ലാതെയാണ് രഞ്ജിത്തിന്റെ ഈ സേവനമെല്ലാം. സൈന്യത്തില്‍ കമാന്‍ഡോ ആകാനായിരുന്നു രഞ്ജിത്തിന്റെ എറ്റവും വലിയ മോഹം. അതിനായി കുട്ടിക്കാലം മുതല്‍ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പഞ്ചഗുസ്തി, ബോഡി ബില്‍ഡിങ്, നീന്തല്‍ എന്നിവയിലൊക്കെ പ്രതിഭ തെളിയിച്ചു. മൂന്നു തവണ ജൂനിയര്‍ മിസ്റ്റര്‍ ട്രിവാന്‍ഡ്രമായി. 2005ല്‍ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യയായി. മധ്യപ്രദേശില്‍ നടന്ന ദേശീയ ബോഡി ബില്‍ഡിങ് മത്സരത്തില്‍ കേരളത്തിന് വേണ്ടി രഞ്ജിത്ത് മത്സരിച്ചിരുന്നു. എന്നാൽ രഞ്ജിത്തിന്റെ സൈനിക സ്വപ്നങ്ങള്‍ തകര്‍ത്തത് 21-ാം വയസില്‍ തലച്ചോറിനെ ബാധിച്ച ഗുരുതര രോഗമായിരുന്നു. നീണ്ട നാളത്തെ ചികിത്സകള്‍ക്ക് ശേഷം രോഗം ഭേദമായി. അപ്പോഴേക്കും സൈന്യത്തില്‍ ചേരാനുള്ള പ്രായം കഴിഞ്ഞിരുന്നു സൈന്യത്തില്‍ ചേരാനായില്ലെങ്കിലും ദുരന്തങ്ങള്‍ നടക്കുന്നിടത്ത് രക്ഷകനായി ഓടിയെത്താന്‍ രഞ്ജിത്ത് തീരുമാനിച്ചു. അതിനായി ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലൈഫ് സേവിങ് ടെക്നിക്സ്, പര്‍വതാരോഹണം, പവര്‍ബോട്ട് ഓപ്പറേഷന്‍സ് എന്നിവയിലൊക്കെ പരിശീലനം നേടി. തുടര്‍ന്ന് സൗജന്യ സേവനവുമായി ദുരന്തമുഖങ്ങളിലേക്ക് സ്വയം എത്തുകയായിരുന്നു രഞ്ജിത്ത്. ഈ മികവാര്‍ന്ന സേവനത്തിന് അതതു ജില്ലകളിലെ കളക്ടര്‍മാര്‍ നല്‍കിയിട്ടുള്ള അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് രഞ്ജിത്തിന് ആകെയുള്ള സമ്പാദ്യം.
ലോകം ഉറ്റുനോക്കിയ ഒരു വലിയ രക്ഷാപ്രവർത്തനത്തിൽ നമ്മുടെ രഞ്ജിത്തും പങ്കെടുത്തു എന്നതിൽ നമുക്ക് അഭിമാനിക്കാം. രഞ്ജിത്തിന്റെ അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഇതേവരെ സാധിച്ചിട്ടില്ല എന്നത് ഒരു ദുഃഖസത്യമാണ്. മറ്റ് സംസ്ഥാനങ്ങള്‍ തന്നെ ആദരിക്കുമ്പോള്‍ അവഗണനയാണ് മാതൃസംസ്ഥാനം തനിക്ക് നല്‍കുന്നതെന്നും രഞ്ജിത്ത് പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോളും കൃഷിയാണ് ഇപ്പോൾ രഞ്ജിത്തിന്റെ ഏക വരുമാന മാർഗം.