‘അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ്’; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശബ്ദരേഖയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരില്‍ ചാനലില്‍ വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്കാൻ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐ എ എസിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാരിക്കോരിയുള്ള മാര്‍ക്ക് വിതരണത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ തീരുമാനം.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികള്‍ക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന വിമര്‍ശനമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ തയ്യാറാക്കലിനായുള്ള ശില്പശാലയ്ക്കിടെ ഉന്നയിച്ച വിമശനത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
അതേസമയം, കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമല്ലെന്ന് ശിവൻകുട്ടി പ്രതികരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളില് വിമര്‍ശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ലെന്നും ശിവൻകുട്ടി പറഞ്ഞു.