വീട്ടമ്മമാരെ കബളിപ്പിച്ച് 25 ലക്ഷം ബാങ്ക് വായ്പയെടുത്ത് തട്ടിപ്പ്
ചെറിയതുറയില്‍ സ്വയം സഹായസംഘങ്ങളുടെ പേരില്‍ 20 വീട്ടമ്മമാരെ കബളിപ്പിച്ച് 25 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ്. വീട്ടമ്മമാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംരംഭങ്ങള്‍ തുടങ്ങാൻ വീട്ടമ്മമാരെ ഉള്‍പ്പെടുത്തി സംഘങ്ങള്‍ രൂപവത്കരിച്ച ചെറിയതുറ സ്വദേശി ഗ്രെയ്സിയാണ് മുഖ്യ ആസൂത്രക.
ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചക്കല്‍ ശാഖയുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ഈ തുക പൂവച്ചല്‍ സ്വദേശിയായ അനീഷിന്റെ അക്കൗണ്ടിലേക്കാണ് പോയത്. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചതോടെയാണ് തട്ടിപ്പിനിരയായെന്ന് വീട്ടമ്മമാര്‍ മനസ്സിലാക്കിയത്.
തങ്ങളുടെ അറിവില്ലാതെയാണ് ഗ്രേസിയും സംഘവും വായ്പ തട്ടിയെടുത്തതെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. പണം തിരിച്ചടച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യൻ ബാങ്ക്. ഇതോടെ ആത്മഹത്യയുടെ വക്കിലാണെന്നും വീട്ടമ്മമാര്‍ പറയുന്നു.
ഇരുപത് പേരുള്ള അഞ്ച് സംഘങ്ങളുടെ പേരില്‍ ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചക്കല്‍ ശാഖയില്‍ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ കേസെടുത്ത ഫോര്‍ട്ട് പൊലീസ് അന്വേഷണം തുടങ്ങി.