കുതിച്ചുകയറി സ്വര്‍ണവില; ഇന്നു കൂടിയത് 800 രൂപ
കഴിഞ്ഞ കുറേ ദിവസമായി താഴേക്ക് പോയ സ്വര്‍ണവില ഒറ്റദിവസം കൊണ്ട് കുതിച്ചുകയറി. പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കൂടിയത്. പവന് 46,120 രൂപയിലും ഗ്രാമിന് 5,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരാഴ്ചയ്ക്കിടെ, ഏകദേശം 1800 രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ സ്വര്‍ണവിലയുടെ തിരിച്ചുവരവ്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഡിസംബര്‍ ഒന്നിന് പവന് 46,160 രൂപ എന്ന നിരക്കിലായിരുന്നു സ്വര്‍ണവിപണി ആരംഭിച്ചത്. നാലാം തിയതി വില 47,080 രൂപ എന്ന റിക്കാര്ഡ്നിരക്കിലേക്ക് ഉയര്‍ന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പവന് 800 രൂപ കുറഞ്ഞു. ബുധനാഴ്ച 320 രൂപ കുറഞ്ഞ് 45,960 ലേക്ക് വന്ന സ്വര്‍ണം വ്യാഴം, വെള്ളി ദിവസങ്ങളില്‍ നേരിയ തോതില്‍ മുന്നേറി.
ശനിയാഴ്ച 440 രൂപ കുറഞ്ഞ് 45,720 രൂപയിലായിരുന്നു സ്വര്‍ണ വില. തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ചപ്പോള്‍ 160 രൂപ കുറഞ്ഞു. ചൊവ്വാഴ്ച വീണ്ടും 160 രൂപ കുറഞ്ഞ് 45,400 രൂപയിലേക്കാണ് സ്വര്‍ണവില എത്തിയത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ് ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 45,320 രൂപയിലെത്തിയിരുന്നു.