പതിവ് തെറ്റിയില്ല, ഇത്തവണയും കുടിയില്‍ റെക്കോഡ്, മുന്നില്‍ ചാലക്കുടി; മൂന്ന് ദിവസം കൊണ്ട് നടന്നത് 154 കോടിയുടെ മദ്യവില്പന
സംസ്ഥാനത്ത് ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള മൂന്ന് ദിവസങ്ങളിലായി ബെവ്കോയില്‍ നടന്നത് റെക്കോഡ് മദ്യവില്പന.
154.77 കോടി രൂപയുടെ വില്പനയാണ് ഇത്തവണ ബെവ്കോ ഔട്ട്ലെറ്റുകള് വഴി നടന്നത്.ക്രിസ്മസിന്റെ തലേന്നും വില്പനയില് ഉയര്‍ച്ചയുണ്ടായി. 70.73 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 24ന് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 69.55 കോടിയായിരുന്നു. 22,23 തീയതികളിലായി ഈ വര്‍ഷം നടന്നത് 84.04 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞവര്‍ഷം ഇത് 75 കോടിയായിരുന്നു.ഇത്തവണയും ക്രിസ്മസ് ന്യൂഇയര്‍ അവധിക്കാലം ലഹരി ആഘോഷം തന്നെയെന്ന് ഉറപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്.
ഏറ്റവുമധികം മദ്യം വിറ്റത് ചാലക്കുടിയിലെ ഔട്ട്ലെറ്റിലാണ്. 63,85,290 രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ചങ്ങനാശേരിയില്‍ 62,87,120 രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 62,31,240 രൂപയുടെയും മദ്യവില്പന നടന്നു. ഈ ഔട്ട്ലെറ്റുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. മിക്കപ്പോഴും മുന്നിലെത്താറുള്ള തലസ്ഥാനത്തെ പവര്‍ഹൗസ് റോഡിലുള്ള ഔട്ട്ലെറ്റില് 60,08,130 രൂപയുടെയും നോര്‍ത്ത് പറവൂരില്‍ 51,99,570 രൂപയുടെയും മദ്യവില്പന നടന്നു.