നിര്‍മ്മല സീതാരാമന്റെ രാജി ആവശ്യപ്പെട്ട് ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍
റിസര്‍വ് ബാങ്കിന് ഭീഷണി സന്ദേശമയച്ച ഒരാള്‍ പിടിയില്‍. ഗുജറാത്തിലെ വഡോദര സ്വദേശിയെയാണ് ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഭീഷണിക്ക് പിന്നിലെ കാരണം സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.
ഇന്നലെയാണ് ആര്‍ബിഐയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. മുംബയിലെ 11 സ്ഥലങ്ങളിലായി ബോംബുകള്‍ വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ അഴിമതി നടത്തിയ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും രാജിവയ്ക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ആര് ബി ഐയില്‍ ഉള്‍പ്പെടെ പ്രമുഖ ബാങ്കുകളില്‍ ബോംബ് വച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കുകള്‍ വലിയ അഴിമതിയാണ് നടത്തുന്നു. ഈ അഴിമതിയില്‍ ശക്തി ദാസിനും നിര്മ്മലസീതാരാമനും പങ്കുണ്ട്. കൂടാതെ ബാങ്കിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നും വന്ന ഇമെയിലില്‍ ആരോപിച്ചിരുന്നു. അതിനുള്ള മതിയായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ പ്രദേശങ്ങളില്‍ കര്‍ശന പരിശോധന നടത്തിയിരുന്നു.